മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ താമസിച്ചിരുന്ന തങ്കമ്മ (80) കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) അറസ്റ്റിലായി.
സ്വർണവും പണവും കവർച്ച ചെയ്യുന്നതിനായി ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയുടെ മൊഴിപ്രകാരം, തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ കായലിൽ കെട്ടിത്താഴ്ത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം നാട്ടുകാരുടെ ഇടയിൽത്തന്നെ തുടർന്ന്, താൻ സംശയത്തിന് അതീതനാണെന്ന് വരുത്തിതീർക്കാനാണ് ഇയാൾ ശ്രമിച്ചത്. എസ്പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച മൂന്ന് പ്രത്യേക സംഘങ്ങൾ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
സംഭവത്തിന്റെ പശ്ചാത്തലം
ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമ്മയെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായിരുന്നു. കനകക്കുന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്കു സമീപം കായംകുളം കായലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൈയും കാലും തുണികൊണ്ട് ബന്ധിച്ച നിലയിലും കഴുത്തിൽ കല്ല് കെട്ടിയുമായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൂടാതെ, ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ആറ് പവനോളം സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, തലയുടെ പിൻഭാഗത്ത് അടിയേറ്റതുപോലെയുള്ള പരിക്കുകൾ കണ്ടെത്തിയത് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടി. വീടിനെക്കുറിച്ചും തങ്കമ്മയെക്കുറിച്ചും കൃത്യമായ ധാരണയുള്ള ആരെങ്കിലുമാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ സംശയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളിൽ ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ചോദ്യം ചെയ്യലുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

