താരസംഘടനയായ അമ്മയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി തുടരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ ഹസൻ രാജിവെച്ചതോടെയാണ് സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യമായത്.
രാജിക്ക് പിന്നാലെ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയിരുന്നു. തന്നെ ‘ജിഹാദി’ എന്ന് വിളിക്കുകയും സഹപ്രവർത്തകരുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് അൻസിബയുടെ വെളിപ്പെടുത്തൽ.
കൂടാതെ, വെണ്ണല ക്ഷേത്രം അമ്മയുടെ പരിപാടിക്കായി 70 ലക്ഷം രൂപ സ്പോൺസർ ചെയ്തതിനെ താൻ എതിർത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും, നടി ലക്ഷ്മിപ്രിയക്കെതിരെയും അൻസിബ വിമർശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി നിർമ്മാതാവ് ആലപ്പി അഷ്റഫ് രംഗത്തെത്തിയിരിക്കുന്നത്.
സഹപ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനെ പിന്തുണച്ചവർക്ക് കാലം കരുതിവെച്ച കാവ്യനീതിയാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആലപ്പി അഷ്റഫ് ഉന്നയിച്ച പ്രധാന ആരോപണങ്ങൾ: * ജാതി അധിക്ഷേപം: സംഘടനയിലെ ഒരു ഉന്നതൻ അൻസിബയുടെ പേര് സ്ഥാനാർത്ഥി ലിസ്റ്റിൽ കണ്ടപ്പോൾ അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ജാതിപ്പേര് വിളിച്ച് അൻസിബയെ അപമാനിക്കാൻ ശ്രമിച്ചുവെന്നും, പിന്നീട് ജിഹാദി, തീവ്രവാദി തുടങ്ങിയ ആക്ഷേപങ്ങൾ ഉയർത്തി അവരെ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
* ലിംഗനീതി: സംഘടനയ്ക്കുള്ളിലെ സ്ത്രീവിരുദ്ധമായ പ്രവണതകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. ടിനി ടോമിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെ തള്ളിക്കളയുന്ന രീതിയിൽ ചിലർ സംസാരിക്കുന്നത് ലജ്ജാകരമാണെന്നും, സംഘടനയിലെ ഈ ജാതീയവും ലിംഗപരവുമായ വിവേചനങ്ങൾക്കെതിരെ കർശന നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
* സംഘടനയിലെ പതനം: പണം തട്ടിപ്പ്, കുടുംബ കലഹം, തെഴിൽ പീഡനം തുടങ്ങി നിരവധി വിവാദങ്ങൾ അമ്മയെ വരിഞ്ഞുമുറുക്കി കഴിഞ്ഞുവെന്നും, സംഘടനയുടെ തലപ്പത്ത് ആരാണ് ഇരിക്കുന്നതെന്നതല്ല, മറിച്ച് നീതിബോധത്തോടെ പ്രവർത്തിക്കാൻ ആർക്ക് കഴിയുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ ഇത്തരം ജാതീയ അധിക്ഷേപങ്ങൾ സംഘടനയിൽ ഉണ്ടായിട്ടില്ലെന്നും, നിലവിൽ ഭരണസമിതിയിലുള്ള ചിലർ തന്നെ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ആലപ്പി അഷ്റഫ് തന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

