കുംഭമേളയിലെ ദൃശ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ യുവതിയുടെ ഭർത്താവ് മുഹമ്മദ് ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് കോടതി നേരത്തെ നീട്ടിയിരുന്നു.
ഈ കേസിൽ മധ്യപ്രദേശ് സർക്കാർ ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണെന്നിരിക്കെ, കേരളത്തിലെ കോടതിയിൽ ഇത്തരമൊരു മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും, പകരം ട്രാൻസിറ്റ് മുൻകൂർ ജാമ്യാപേക്ഷയാണ് സമർപ്പിക്കേണ്ടിയിരുന്നതെന്നും സർക്കാർ വാദിക്കുന്നു.
അതിനാൽ തന്നെ ഇന്നത്തെ കോടതി നടപടികൾ ഏറെ നിർണായകമാണ്. അതേസമയം, തങ്ങൾക്കെതിരെ നടക്കുന്ന നടപടികൾ ചോദ്യം ചെയ്തുകൊണ്ട് ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
തങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന മധ്യപ്രദേശ് പോലീസിന്റെ നടപടിക്കെതിരെയും, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുമാണ് ഹർജി നൽകിയിരിക്കുന്നത്. അധികൃതർ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നും, ഏകപക്ഷീയമായി റദ്ദാക്കിയ പഴയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
സർക്കാർ രേഖകൾ വ്യാജമായി ചമച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെക്കുറിച്ചും, വർഗീയ പ്രകോപനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ദമ്പതികൾ ഉന്നയിക്കുന്നു. മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ കെആർ, അനിരുദ്ധ കെപി, ബിഎൽ നഗർ എന്നിവർ മുഖേനയാണ് മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

