ഹരിപ്പാട് ∙ നാഗദൈവങ്ങളോട് കനിവിരന്ന് സർപ്പദോഷങ്ങളകറ്റാനും അനുഗ്രഹങ്ങൾ തേടിയും ആയിരങ്ങൾ മണ്ണാറശാലയിൽ ഇന്നലെ പൂയം തൊഴുതു. പുലർച്ചെ നട
തുറന്നപ്പോൾ തന്നെ ഒട്ടേറെപ്പേർ കാത്തുനിൽക്കുകയായിരുന്നു. നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി വല്യമ്മ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപ്പൂജ ദർശിക്കാൻ വലിയ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ ഭക്തരെ 50 പേരടങ്ങുന്ന സംഘങ്ങളായാണ് ക്ഷേത്രത്തിലേക്കു കടത്തി വിട്ടത്.
പൂയം തൊഴലിന് വൈകിട്ട് നട
തുറന്നപ്പോഴും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി നട
അടച്ചപ്പോഴും മണ്ണാറശാലയിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. അനന്തഭാവത്തിലുള്ള തിരുവാഭരണമാണ് പൂയം നാളിൽ ഭഗവാന് ചാർത്തിയത്.
രാത്രി ഇളം തലമുറയിലെ അംഗങ്ങൾക്കൊപ്പം വലിയമ്മ ആചാരപരമായ ക്ഷേത്ര ദർശനം നടത്തി. നൂറു കണക്കിന് ഭക്തജനങ്ങളാണ് ഇൗ സമയം വലിയമ്മയുടെ ദർശനത്തിനായി കാത്തു നിന്നത്.
രാവിലെ ക്ഷേത്രനടയിൽ നാഗസ്വര മേള വാദ്യ സേവ നടന്നു.
പെരുവനം വിനു പരമേശ്വര മാരാരും സംഘവും പഞ്ചവാദ്യ സേവ നടത്തി. ഇടയ്ക്ക വാദ്യസേവയ്ക്ക് അമ്പലപ്പുഴ വിജയകുമാർ നേതൃത്വം നൽകി.
പൂയം നാളിൽ ദർശനം നടത്തിയാൽ സർപ്പദേഷങ്ങളെല്ലാം അകലുമെന്നാണു വിശ്വാസം. ക്ഷേത്രത്തോടു ചേർന്നുള്ള മണ്ണാറശാല യുപി സ്കൂൾ മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ രാവിലെ 11ന് ആരംഭിച്ച പൂയം സദ്യ വൈകുന്നേരം വരെ നീണ്ടു.
ആയില്യം പൂജയും എഴുന്നള്ളത്തും ഇന്ന്
ഹരിപ്പാട് ∙ ആയില്യം ഉത്സവത്തോട് അനുബന്ധിച്ചു മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യ കാർമികത്വത്തിൽ ഇന്നു നടക്കുന്ന ആയില്യംപൂജ മണിക്കൂറുകൾ നീളുന്ന ചടങ്ങുകളോടെയാണ് പൂർത്തിയാകുന്നത്.
നൂറുംപാലും, ഗുരുതി, ശിവനും അഷ്ടനാഗങ്ങൾക്കുമുള്ള പൂജകൾ തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. ഇല്ലത്തെ നിലവറയുടെ തളത്തിലാണ് ആയില്യം പൂജ നടക്കുന്നത്.
ക്ഷേത്രത്തിൽ ഉച്ചപ്പൂജ കഴിയുന്നതോടെ കാരണവരുടെ മേൽനോട്ടത്തിൽ നിലവറയിൽ നാഗപത്മക്കളം വരച്ചു തുടങ്ങും. അരിപ്പൊടി, മഞ്ഞൾപ്പൊടി, ഉമിക്കരിപ്പൊടി തുടങ്ങിയവ ഉപയോഗിച്ച് മണിക്കൂറുകൾ കൊണ്ടാണ് നാഗപത്മക്കളം വരയ്ക്കുന്നത്.
കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി പൂജകൾ നടത്തും. തുടർന്നാണു പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത്.
വലിയമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവുമായി ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളും. ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയമ്മയുടെയും ഇല്ലത്തെ കാരണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ തിടമ്പുകളുമായി അനുഗമിക്കും.
ക്ഷേത്രത്തിനു വലംവച്ച് ഇല്ലത്തേക്കുള്ള എഴുന്നള്ളത്തിൽ രാജചിഹ്നങ്ങളായ ഛത്ര, ചാമര, ധ്വജങ്ങൾ എന്നിവ അകമ്പടി സേവിക്കും. വടക്കേ നടയിൽ എത്തുമ്പോഴേക്കും പുള്ളുവൻ പാട്ട് ഉച്ചത്തിൽ മുഴങ്ങും.
വിവിധ വാദ്യങ്ങളുടെയും ഇടനാട് രാധാകൃഷ്ണൻ നായരും സംഘവും അവതരിപ്പിക്കുന്ന വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് ഇല്ലത്തേക്കു നീങ്ങും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തി തിടമ്പുകൾ നാഗക്കളങ്ങളിൽ പ്രതിഷ്ഠിച്ച ശേഷം വലിയമ്മയുടെ കാർമികത്വത്തിൽ ആയില്യം പൂജ ആരംഭിക്കും.
ജലപാനം പോലും ഒഴിവാക്കിയാണ് വലിയമ്മ മണിക്കൂറുകൾ നീളുന്ന പൂജ നടത്തുന്നത്. ഉച്ചയ്ക്ക് 12.30ന് ആയില്യം എഴുന്നള്ളത്തിനുള്ള ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

