ചെങ്ങന്നൂർ ∙ ബെംഗളൂരുവിൽ നിന്നു ചെങ്ങന്നൂർ വരെ 650 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തി അച്ഛനും പത്തുവയസ്സുകാരൻ മകനും. അങ്ങാടിക്കൽ തെക്ക് കണ്ടത്തിൽ കോട്ടജിൽ ധവൾ ഫിലിപ് മാത്യുവും (40) മകൻ ഡാനിയേൽ മാത്യു ഫിലിപ്പുമാണ് വൈറൽ സൈക്ലിസ്റ്റുകൾ.
ഹൈദരാബാദിൽ നിന്നു കാറിൽ 2 സൈക്കിളുമായി ബെംഗളൂരുവിലെത്തിയ ധവളും ഡാനിയേലും ഏപ്രിൽ 12നാണ് കേരളത്തിലേക്കു യാത്ര തിരിച്ചത്. ദിവസവും രാവിലെ 5 മുതൽ 10 വരെ സൈക്കിൾ ചവിട്ടും.
പിന്നീട് ഹോട്ടലുകളിൽ മുറിയെടുത്തു വിശ്രമിക്കും. ബെംഗളൂരുവിൽ നിന്നു ചെനപട്ടണം, ശ്രീരംഗപട്ടണം, കബനി, ബാവലി, മാനന്തവാടി, തൊട്ടിൽപാലം, കോഴിക്കോട് ബീച്ച്, പൊന്നാനി, കൊടുങ്ങല്ലൂർ, ചേർത്തല വഴി 21ന് ചെങ്ങന്നൂരിലെത്തി.
ഹൈദരാബാദിൽ ബാങ്കറായ ധവളിനു സൈക്ലിങ് പണ്ടേ ജീവനാണ്.
അച്ഛന്റെ സൈക്കിളിന്റെ ടയർ മാർക്കുകൾ പിന്തുടർന്നു ഡാനിയേലും നാലര വയസ്സ് മുതൽ സൈക്കിൾ ചവിട്ടി തുടങ്ങി. ഇപ്പോൾ ദിവസവും രാവിലെ 5 മുതൽ ഹൈദരാബാദിലെ സൈക്ലിങ് അക്കാദമിയിൽ ഇരുവരും പരിശീലനം നടത്തുന്നു.
മുൻ ദേശീയ ചാംപ്യൻ ഡോ.മാക്സ്വൽ ട്രവർ ആണു പരിശീലകൻ.
2012ൽ ഹൈദരാബാദിൽ നിന്നു മുംബൈ വരെ 449 കിലോമീറ്റർ സൈക്കിൾ ചവിട്ടിയിട്ടുണ്ട് ധവൾ. ഡാനിയേലിന്റേത് ആദ്യ ദൂരയാത്രയും.
മുൻകൂട്ടി ആരെയും യാത്രയെപ്പറ്റി അറിയിച്ചിരുന്നില്ലെങ്കിലും വഴിയിൽ പലയിടത്തും സൈക്ലിസ്റ്റുകളുടെ സ്നേഹം അനുഭവിക്കാനായത് അദ്ഭുതപ്പെടുത്തിയെന്നു ധവൾ പറയുന്നു. എൻജിനീയറായ മാത്യു കെ.തോമസിന്റെയും ഉഷ മാത്യുവിന്റെയും മകനാണ് ധവൾ.
ഭാര്യ: ലിൻസി മാത്യു പിന്തുണയുമായി ഒപ്പമുണ്ട്. ഇത്രയും ദൂരം സൈക്കിൾ ചവിട്ടിയെത്തിയ അച്ഛനും മകനും ജെസിഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

