ദില്ലി: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ട് കോൺഗ്രസ് നേതൃത്വം. മമത ബാനർജിയെ പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്ന രീതിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
ഇരുനേതാക്കളും തമ്മിൽ നടന്നത് തികച്ചും വ്യക്തിപരമായ വിഷയങ്ങൾ ചർച്ച ചെയ്ത സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത ബാനർജി സോണിയ ഗാന്ധിയെ സന്ദർശിക്കുന്നത്.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാൻ ‘ഇന്ത്യ’ മുന്നണി തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ നടന്ന ഈ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന തരത്തിൽ വിവിധ കോണുകളിൽ നിന്ന് നിർദ്ദേശങ്ങൾ ഉയരുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് മമത നേരിടുന്നത്. പാർട്ടിയിൽ നിന്നും രാജിവെച്ച എം.പിമാരും എം.എൽ.എമാരും ബി.ജെ.പിയിലേക്ക് മാറുന്നത് തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, ബി.ജെ.പി വിരുദ്ധ പോരാട്ടം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് ഉൾപ്പെടെയുള്ളവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ കൂടിക്കാഴ്ചയുടെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നൽകാൻ മമത ബാനർജിയോ തൃണമൂൽ കോൺഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

