മാനന്തവാടിയിലെ കാട്ടിക്കുളം പുളിമൂട്കുന്നിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ വയോധികൻ ദാരുണമായി മരണപ്പെട്ടു. വെള്ളാഞ്ചേരി പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജു (65) ആണ് ബുധനാഴ്ച രാവിലെ പത്തുമണിയോടെ നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത്.
സംഭവദിവസം രാവിലെ സ്വന്തം വീട്ടുവളപ്പിൽ പണിയെടുക്കുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയാണ് രാജു ആനയുടെ മുന്നിൽപ്പെട്ടത്.
ആക്രമണത്തിൽ രാജുവിനെ തട്ടിവീഴ്ത്തിയ ആന, തുമ്പിക്കൈ കൊണ്ട് 20 മീറ്ററോളം ദൂരത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജുവിന്റെ തലയ്ക്കും വാരിയെല്ലിനും സാരമായ ക്ഷതമേറ്റിരുന്നു.
ശ്വാസതടസ്സം അനുഭവപ്പെട്ട അദ്ദേഹത്തെ വനംവകുപ്പിന്റെ വാഹനത്തിൽ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടെ ഉച്ചയ്ക്ക് 1.40 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ വലിയ പ്രതിഷേധം അരങ്ങേറി.
ജില്ലാ സെക്രട്ടറി കെ.റഫീഖ്, മുൻ മന്ത്രി ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടിച്ചുകൂടി. 14 ലക്ഷം രൂപ നഷ്ടപരിഹാരം രേഖാമൂലം ഉറപ്പുനൽകാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ നിലപാടെടുത്തു.
തുടർന്ന്, ഉഷാ വിജയൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നാല് ലക്ഷം രൂപ അടിയന്തരമായി കൈമാറുമെന്നും നിയമപ്രകാരമുള്ള 10 ലക്ഷം രൂപ ആശ്രിതർക്ക് ലഭ്യമാക്കുമെന്നും ഉറപ്പ് നൽകി. കൂടാതെ രാജുവിന്റെ ആശ്രിതന് താൽക്കാലിക വാച്ചർ ജോലി നൽകുമെന്നും അധികൃതർ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ചൊവ്വാഴ്ച രാത്രി മുതൽ പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ഡിഎഫ്ഒയോട് പരാതിപ്പെട്ടു. വൈദ്യുതി വേലിയുടെ തകരാറുകൾ പരിഹരിക്കുന്നതിലും വന്യജീവി ശല്യം തടയുന്നതിലും അധികൃതർ പരാജയപ്പെട്ടുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം നൽകി തടിയൂരുകയല്ലാതെ ശാശ്വത പരിഹാരത്തിന് വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

