നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മർദ്ദനമുണ്ടായ സംഭവത്തിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമനടപടികൾ സർക്കാർ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ അഞ്ച് പ്രതികൾക്കും കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചത്. അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.
ജഡ്ജി ഹണി എം വർഗീസ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ഡിസംബറിലാണ് വിവാദമായ സംഭവം അരങ്ങേറിയത്.
നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ വാഹനത്തിൽ നിന്നിറങ്ങി ഉദ്യോഗസ്ഥർ മർദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ഈ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് ന്യായീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ‘രക്ഷാപ്രവർത്തന’മാണ് നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
തുടക്കത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്ന് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഗൺമാൻമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ലഭിച്ച മുൻകൂർ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

