ദേശീയപാത നിർമാണത്തെത്തുടർന്ന് ചേർത്തല നഗരത്തിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരവുമായി അധികൃതർ.
പ്രതിഷേധങ്ങളെത്തുടർന്ന് നഗരത്തിലെ പൊലീസ് സ്റ്റേഷനു സമീപം എഎസ് കനാലിനു കുറുകെ ബണ്ട് കെട്ടി നിർമിച്ചിരുന്ന സർവീസ് റോഡ് പൊളിച്ചുമാറ്റി. മേൽപാലത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ബണ്ടാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്തത്.
വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകുന്നതിനായി വലിയ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ച് സർവീസ് റോഡ് പുനർനിർമിക്കാനാണ് തീരുമാനം. ഇതിനുശേഷം കിഴക്കുഭാഗത്തെ ബണ്ട് പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കും.
പി. പ്രസാദ് എംഎൽഎ, നഗരസഭ അധ്യക്ഷൻ എസ്.
സോബിൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ ശക്തമായ പ്രതിഷേധമാണ് ദ്രുതഗതിയിലുള്ള നടപടികൾക്ക് വഴിയൊരുക്കിയത്. ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങിയതോടെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് സർവീസ് റോഡ് പൊളിക്കാൻ തീരുമാനമായത്.
തുടർച്ചയായ മഴയിൽ നഗരസഭയുടെ പരിധിയിലുള്ള അഞ്ഞൂറോളം വീടുകളിലേക്ക് വെള്ളം കയറിയത് വലിയ ദുരിതത്തിന് കാരണമായിരുന്നു. സർവീസ് റോഡിനായി ബണ്ടുകൾ കെട്ടിയതാണ് വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യം സൃഷ്ടിച്ചത്.
ഗതാഗത നിയന്ത്രണം
പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചേർത്തല ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളത്തേക്കു പോകുന്ന വാഹനങ്ങൾ മാരാരിക്കുളം കളിത്തട്ട് ജംക്ഷൻ, കണിച്ചുകുളങ്ങര ജംക്ഷൻ അല്ലെങ്കിൽ തിരുവിഴ ജംക്ഷൻ വഴി തിരിഞ്ഞ് തീരദേശ റോഡ് വഴി തുറവൂർ ഹൈവേയിൽ പ്രവേശിച്ച് യാത്ര തുടരണം.
എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങൾക്ക് തൽക്കാലം നിയന്ത്രണമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

