മാന്നാർ ∙ ജില്ലയിൽ വീണ്ടും വെട്ടിനിരത്തൽ സമരം. മാന്നാർ പാവൂക്കരയിലാണ് സിപിഎം, കെഎസ്കെടിയു പ്രവർത്തകരുടെ നേതൃത്വത്തിൽ കാർഷിക വിളകൾ വെട്ടി നശിപ്പിക്കുകയും സ്ഥലം ഉടമയുടെ വീട്ടിലേക്കു നിർമിച്ച വഴി ഇടിച്ചുനിരത്തുകയും ചെയ്തത്.
സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾക്കെതിരെ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
മാന്നാർ പാവുക്കര വട്ടപ്പറമ്പിൽ വീട്ടിൽ ലിനു വി.വർഗീസിന്റെ 80 സെന്റ് സ്ഥലത്താണു വെട്ടിനിരത്തൽ നടന്നത്. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട
ഭൂമിയാണെന്നും കനാൽ ഉൾപ്പെടെ നികത്തിയാണു വഴി നിർമിച്ചതെന്നും ആരോപിച്ചാണു സിപിഎം അനുകൂല കർഷകത്തൊഴിലാളി സംഘടനയായ കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ വെട്ടിനിരത്തൽ നടത്തിയത്. എന്നാൽ ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കിയ സ്ഥലമാണെന്നു ഉടമയായ ലിനു പറയുന്നു.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
ലിനു വി.വർഗീസിന്റെ കൃഷിഭൂമിയിൽ നിന്ന് വീട്ടിലേക്കു മണ്ണിട്ടുയർത്തി ഭാഗികമായ നിർമിച്ച വഴി നാൽപതു പേരോളം വരുന്ന സംഘം ഇടിച്ചുനിരത്തുകയും വഴിയുടെ രണ്ടു വശങ്ങളിൽ സ്ഥാപിച്ച കോൺക്രീറ്റ് പില്ലറുകൾ ഇടിച്ചു പൊളിക്കുകയും ചെയ്തു. 2 വർഷം പ്രായമായ 10 തെങ്ങിൻ തൈകളും 25 വാഴകളും വഴിയരികിൽ നിന്ന ചെടികളും പിഴുതെറിഞ്ഞു.
ലിനു അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ വിലക്കിയെങ്കിലും പൊലീസിന്റെ സാന്നിധ്യത്തിൽ വെട്ടിനിരത്തൽ തുടർന്നതായി ലിനു പറയുന്നു. വഴിയും കാർഷികവിളകളും നശിപ്പിച്ചെന്നു കാട്ടി പരാതി നൽകിയെങ്കിലും ഇന്നലെ രാത്രി വരെ ആർക്കെതിരെയും കേസെടുത്തിട്ടില്ല.
അതേസമയം പമ്പയാറിൽ നിന്നുള്ള കനാൽ ഉൾപ്പെടെയുള്ള നിലം സ്ഥലമുടമ നികത്തിയെന്നും ഇന്നലെ കനാൽ ഒഴുകുന്ന ഭാഗം പൂർവസ്ഥിതിയിൽ ആക്കുകയാണ് ചെയ്തതെന്നുമാണു കെഎസ്കെടിയു മാന്നാർ മേഖലാ കമ്മിറ്റിയുടെ വിശദീകരണം.
നിലം നികത്തി തെങ്ങിൻതൈയും വാഴയും നടുകയും മണ്ണിറക്കി ബണ്ട് റോഡ് നിർമിക്കുകയും ചെയ്തെന്നും കെഎസ്കെടിയു ഇക്കാര്യം പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും യൂണിയൻ മേഖലാ പ്രസിഡന്റ് അബ്ദുൽ റസാക്ക്, സെക്രട്ടറി കെ.ജെ. ജയകുമാർ എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

