ഉന്നത പഠനത്തിന് ശേഷം പുതിയ തൊഴിൽ മേഖലയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങിയ നവോമി വിൻസന്റ് (23) വിടവാങ്ങി. തൃശൂർ വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയക്കിഴക്കേൽ ഹൗസിൽ വിൻസന്റ് ജോസഫിന്റെയും ജിപ്സിയുടെയും മകളാണ് നവോമി.
ജീവിത സ്വപ്നങ്ങളുമായി യാത്ര തിരിച്ച നവോമിയുടെ വിയോഗം, മരണശേഷവും മറ്റുള്ളവർക്ക് പുതുജീവിതം നൽകിക്കൊണ്ടാണ്. എംഎസ്സി സൈക്കോളജി ബിരുദധാരിയായ നവോമി, തനിക്ക് ലഭിച്ച ആദ്യ ജോലിയിൽ പ്രവേശിക്കുന്നതിനായി ഈമാസം 24-ന് രാത്രിയിലാണ് അമ്മ ജിപ്സിക്കും സഹോദരൻ ജോയലിനുമൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.
25-ന് പുലർച്ചെ 4.30-ഓടെ കൊട്ടാരക്കരയ്ക്ക് സമീപം വെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ മൂവർക്കും ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് നവോമിയെ കൊട്ടാരക്കരയിലെയും പിന്നീട് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, ഒ.ജെ.ജനീഷ് എന്നിവർ ചികിത്സാ കാര്യങ്ങളിൽ ഇടപെടുകയും സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിരുന്നു.
കൂടെയുണ്ടായിരുന്ന അമ്മയെയും സഹോദരനെയും തൃശൂരിലെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. എന്നാൽ, ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 9.30-ഓടെ നവോമി മരണത്തിന് കീഴടങ്ങി.
നവോമിയുടെ അവയവങ്ങൾ ദാനം ചെയ്യണമെന്ന സഹോദരി എയ്ഞ്ചലിന്റെ തീരുമാനം ബന്ധുക്കൾ അംഗീകരിക്കുകയായിരുന്നു. സർക്കാർ അവയവദാന പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് കരൾ, ഹൃദയം, കണ്ണുകൾ, വൃക്കകൾ എന്നിവ ഉൾപ്പെടെയുള്ള അവയവങ്ങൾ നൽകുക.
തുടർ നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയ ശേഷം, ബുധനാഴ്ച വടക്കാഞ്ചേരിയിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

