സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിയേഴാം പിറന്നാളിന്റെ തലേന്ന് തിരുവനന്തപുരം നഗരത്തിൽ വനിതകളുടെ നേതൃത്വത്തിൽ രാത്രിനടത്തം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ‘റിസർജ് – സേഫ് വിമൺ, സേഫ് കേരള’ എന്ന പേരിൽ ഈ വനിതാ സംഗമം അരങ്ങേറിയത്.
തലസ്ഥാനത്തെ എം ജി റോഡിൽ യൂണിവേഴ്സിറ്റി ജങ്ഷൻ മുതൽ ആയുർവേദ കോളേജ് ജങ്ഷൻ വരെ രാത്രി 9:30-നാണ് പരിപാടി ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഈ രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
സ്ത്രീകളുടെ ഈ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് ഏത് സമയവും സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കി അതൊരു മോഡലാക്കി മാറ്റുകയാണ് ലക്ഷ്യം.
സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്കും പങ്കാളികളാകാം എന്ന സന്ദേശം കൂടിയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫ്ലാഗ് ഓഫിനെ തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും വനിതകൾക്കൊപ്പം കാൽനടയായി സഞ്ചരിച്ചു.
തുടർന്ന് വനിതകൾ അവതരിപ്പിച്ച കളരിപ്പയറ്റും അദ്ദേഹം വീക്ഷിച്ചു. ചടങ്ങിൽ മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്, വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.
കേരളീയ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടെങ്കിലും ഇന്നും സ്ത്രീകൾക്ക് അന്യമായ പൊതു ഇടങ്ങളുണ്ടെന്നും രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ പൊതു ഇടങ്ങളും സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. കക്ഷിരാഷ്ട്രീയത്തിന് അധീതമായി സ്ത്രീകളുടെ കൂട്ടായ്മ സമൂഹത്തിൽ ഉയർന്നുവരേണ്ടതുണ്ടെന്ന് മന്ത്രി കെ എ തുളസി അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

