ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള വിപുലമായ ഒരുക്കങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പൂർത്തിയായി. പതിവുപോലെ ഗൾഫിലെ ആറ് രാജ്യങ്ങളിലും പ്രവാസി സമൂഹം വലിയ തോതിലുള്ള പരിപാടികളോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
രാവിലെ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ നയതന്ത്ര പ്രതിനിധികൾ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പ്രവാസികൾക്കായി ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അവബോധം അളക്കുന്ന ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു.
10 ചോദ്യങ്ങൾ അടങ്ങിയ ഈ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ വിതരണം ചെയ്യും. ഇതിനുപുറമെ, താമസ സ്ഥലങ്ങളിൽ ദേശീയപതാക ഉയർത്തിക്കൊണ്ടുള്ള ഹർ ഘർ തിരങ്ക ക്യാമ്പയ്ൻ പ്രവാസ ലോകത്തും സജീവമായി തുടരുന്നുണ്ട്.
ഈ മാസം 17 വരെയാണ് ഈ ക്യാമ്പയ്ൻ നീണ്ടുനിൽക്കുന്നത്. യുഎഇ-യിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലുമായി നടക്കുന്ന ചടങ്ങുകളിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുക്കും.
രാവിലെ ഏഴു മണിക്കാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. അബുദാബിയിൽ അംബാസിഡർ ദീപക് മിത്തലും ദുബായിൽ കോൺസുൽ ജനറൽ ഡോ.
ഇ വിഷ്ണു വർദ്ധൻ റെഡ്ഡിയും ദേശീയപതാക ഉയർത്തും. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ പ്രശാന്ത് പിസേ ദേശീയ പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
സൗദി തലസ്ഥാനമായ റിയാദിൽ അംബാസഡർ വിപുൽ, ജിദ്ദയിൽ കോൺസൽ ജനറൽ എന്നിവരും പതാക ഉയർത്തും. ഇതോടൊപ്പം ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

