2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മണ്ഡലങ്ങളിൽ പ്രത്യേക ചുമതലയുള്ള നേതാക്കളെ (പ്രഭാരിമാർ) നിയോഗിക്കാൻ ബിജെപി തയാറെടുക്കുന്നു. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം യാഥാർഥ്യമാവുകയാണെങ്കിൽ, ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ നിയമസഭാ മണ്ഡലങ്ങളിലും പ്രഭാരിമാരെ നിയമിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്ന നേതാക്കളുടെ പട്ടികയും തയ്യാറായിട്ടുണ്ട്.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രഭാരിയായി ചുമതലയേൽക്കുമെന്നാണ് സൂചന. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വഹിച്ചേക്കും.
പത്തനംതിട്ട മണ്ഡലത്തിൽ അനൂപ് ആന്റണി, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ സന്ദീപ് വചസ്പതി, കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ചാത്തന്നൂർ എംഎൽഎയായ ബി.ബി.ഗോപകുമാർ എന്നിവരെയാണ് നിലവിൽ പരിഗണിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയും പ്രഭാരിമാർ മണ്ഡലങ്ങളിൽ സജീവ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.
നേതാക്കൾ മണ്ഡലങ്ങൾ മാറി മത്സരിക്കുന്നത് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമാകുന്നുവെന്ന വിലയിരുത്തൽ പാർട്ടി കോർ കമ്മിറ്റി യോഗങ്ങളിൽ നേരത്തെ ഉയർന്നിരുന്നു. നേമം, കഴക്കൂട്ടം, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ഒരേ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് വിജയത്തിന് സഹായകമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തന്ത്രം.
അതേസമയം, ബിജെപി അധ്യക്ഷൻ നിതിൻ നവീൻ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിവരികയാണ്. ദേശീയ തലത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള നേതാക്കളെ കണ്ടെത്തുകയെന്നതാണ് ഈ സന്ദർശനങ്ങളുടെ ലക്ഷ്യം.
കേരളത്തിലെ സംഘടനാപരമായ നേതൃമാറ്റം ഈ സന്ദർശനത്തിന് ശേഷമായിരിക്കും നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

