പാലക്കാട് ജില്ലയിലെ എടത്താനാട്ടുകരയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. അലനല്ലൂർ സ്വദേശിനിയായ സഹദിയ നസ്റിൻ ആണ് വാടകവീട്ടിൽ മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം. ഭർത്താവ് ജിംഷാദും കുടുംബാംഗങ്ങളും നിരന്തരം സാമ്പത്തിക സമ്മർദ്ദം ചെലുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി.
രണ്ടര വർഷം മുൻപായിരുന്നു ജിംഷാദും സഹദിയയും തമ്മിലുള്ള വിവാഹം നടത്തിയത്. ആരോഗ്യപരമായ കാരണങ്ങളാൽ ഒരു മാസമായി ജിംഷാദ് ജോലിക്ക് പോകാതിരുന്നതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
ഇതിന്റെ മറവിൽ പണം ആവശ്യപ്പെട്ട് ജിംഷാദും ബന്ധുക്കളും സഹദിയയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വിവാഹ സമയത്ത് നൽകിയ ഏഴ് പവൻ സ്വർണാഭരണങ്ങൾ ജിംഷാദ് വിറ്റ് തീർത്തതായി സഹദിയയുടെ സഹോദരൻ എസ് ബി സുഹൈൽ വ്യക്തമാക്കി.
കൂടാതെ, സുഹൃത്തുക്കളുടെ പേരിലടക്കം വായ്പയെടുത്ത് സഹദിയ പണം നൽകിയിരുന്നെങ്കിലും ഇതിൽ ഒന്നും തന്നെ തിരിച്ചടയ്ക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഈ സാമ്പത്തിക ബാധ്യതകളും മാനസിക പീഡനങ്ങളുമാണ് യുവതിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുഹൈൽ കൂട്ടിച്ചേർത്തു.
സംഭവത്തിൽ നാട്ടുകൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള തർക്കങ്ങളാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ജിംഷാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

