തൃശൂർ സ്വദേശിനിയായ 23 വയസ്സുകാരിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റിന്റ മകൾ നവോമി ആണ് മരണത്തിന് കീഴടങ്ങിയത്.
തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് സൈക്കോളജിയിൽ പി.ജി ബിരുദം പൂർത്തിയാക്കിയ നവോമി, തന്റെ ആദ്യ തൊഴിൽ അവസരത്തിനായി യാത്ര ചെയ്യവേയാണ് ദാരുണമായ അപകടം സംഭവിച്ചത്. കഴിഞ്ഞ 25-ന് പുലർച്ചെ നാലുമണിയോടെ കൊട്ടാരക്കര വാളകത്ത് വെച്ചാണ് സംഭവം.
നവോമിയും അമ്മ ജിപ്സിയും സഹോദരൻ ജോയലും ചേർന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ പാഴ്സൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നവോമിയെ ആദ്യം കൊട്ടാരക്കര വിജയ ഹോസ്പിറ്റലിലും, തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ അമ്മ ജിപ്സിയും സഹോദരൻ ജോയൽ തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മകളുടെ വിയോഗത്തിനിടയിലും മാതൃകാപരമായ തീരുമാനമാണ് കുടുംബം കൈക്കൊണ്ടത്. നവോമിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനായി ബന്ധുക്കൾ സമ്മതപത്രം കൈമാറി.
ഖോ ഖോ കായികതാരമായിരുന്ന നവോമി, രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ ‘ഖോ ഖോ’ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മരിച്ച നവോമിയുടെ പിതാവ് വിൻസെന്റ് ഡ്രൈവറാണ്.
മാതാവ് ജിപ്സി ജിം ട്രെയിനറാണ്. എറണാകുളത്ത് അധ്യാപികയായ എയ്ഞ്ചൽ, തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥിയായ ജോയൽ എന്നിവരാണ് സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

