കൊല്ലത്തുനിന്നു കോട്ടയം വഴി എറണാകുളത്തേക്കുള്ള മെമു ട്രെയിനുകളിൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കോച്ചുകളുടെ എണ്ണം 12 ആയി വർധിപ്പിക്കും. നാളെയും തിങ്കളാഴ്ചയുമായി കൂടുതൽ കോച്ചുകളുള്ള മെമു ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
എട്ട് കോച്ചുകൾ മാത്രമുണ്ടായിരുന്ന ട്രെയിനിൽ യാത്രക്കാരുടെ വൻ തിരക്ക് രൂക്ഷമായതോടെയാണ് വിഷയം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടത്. അധിക കോച്ചുകൾ ലഭ്യമാക്കുന്നതിനായി റെയിൽവേ ആസ്ഥാനത്തുനിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അടിയന്തര നിർദേശം നൽകിയിരുന്നു.
തുടർന്ന്, 12 കോച്ചുകളാക്കി സർവീസ് പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ അധിക കോച്ചുകൾ ഇന്ന് കൊല്ലത്ത് എത്തും. സാങ്കേതിക നടപടികൾ പൂർത്തിയാക്കി നാളെത്തന്നെ 12 കോച്ചുകളോടെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന് സാധിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ പ്രവൃത്തിദിനത്തിൽ പൂർണമായും 12 കോച്ചുകളോടെ മെമു സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ മെമു കോച്ചുകളുടെ സാങ്കേതിക തകരാറും സ്പെയർ റേക്കിന്റെ അഭാവവും കാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം–കോട്ടയം-എറണാകുളം മെമു ട്രെയിൻ എട്ട് കോച്ചുകളുമായി സർവീസ് നടത്തിയിരുന്നത്.
ഇതുമൂലം വിദ്യാർഥികളും വനിതാ യാത്രക്കാരും ഓഫിസ് ജീവനക്കാരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകളാണ് ദിവസേന രൂക്ഷമായ തിരക്കിലും യാത്രാദുരിതത്തിലുമായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

