പാമ്പാടി കൂരോപ്പട മറ്റപ്പള്ളിയിൽ ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവത്തിൽ ഉയർന്നുവന്ന ദുരൂഹതകൾ നീക്കുന്നതിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിനോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മരിച്ച ജോസ്ന താൽക്കാലിക ജോലി ചെയ്തിരുന്ന സ്ഥാപനം നിലവിൽ സംശയത്തിന്റെ നിഴലിലാണെന്നും, ഈ വിഷയം സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും നേതാക്കൾ വ്യക്തമാക്കി. പൊലീസ് കണ്ടെടുത്തതായി പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പും ധനകാര്യ സ്ഥാപനത്തിലെ പാസ്ബുക്കുകളും മരണമൊഴിയും പരസ്യപ്പെടുത്തണം.
അതേസമയം, ഈ ദാരുണ സംഭവത്തിൽ യാതൊരുവിധ രാഷ്ട്രീയ മുതലെടുപ്പും നടത്തില്ലെന്ന് യുഡിഎഫ് നേതാക്കളായ കുഞ്ഞ് പുതുശ്ശേരി, എൻ.എ.മത്തായി, ടി.എം.ആന്റണി എന്നിവർ അറിയിച്ചു. കുടുംബാംഗങ്ങളുടെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും എം.ലിജുവിനും കത്ത് നൽകിയിട്ടുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
മറ്റപ്പള്ളിയിലെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലവിലുള്ള പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടുമായാണ് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.
ധനകാര്യ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന ജോസ്നയ്ക്ക് ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായും വിവിധ ബാങ്കുകളിൽ നിന്ന് വായ്പകൾ എടുത്തിരുന്നതായും ആരോപണങ്ങളുണ്ട്. ഈ തുകകൾ എന്തിനാണ് വിനിയോഗിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് സി.ജി.ഗോപകുമാർ, കൂരോപ്പട
പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് താഴത്ത്, ജനറൽ സെക്രട്ടറി കെ.കെ.രാജൻ എന്നിവർ ആരോപിച്ചു. സംഭവം നടന്നിട്ടും ജനപ്രതിനിധികൾ വിഷയം മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും നിലവിലെ അന്വേഷണ പുരോഗതിയിൽ തൃപ്തിയില്ലെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിച്ചു.
ആത്മഹത്യാ കുറിപ്പും ചിട്ടി പാസ്ബുക്കുകളും പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണമെന്നും, ധനകാര്യ സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്ക് മരണവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ അധികൃതർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് കുടുംബത്തിന്റെ മരണത്തെക്കുറിച്ചുള്ള ഊർജിത അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.
പ്രധാനമായും ഇവരുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്. കൂരോപ്പട
സർവീസ് സഹകരണ ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു അന്തരിച്ച ജോസ്ന. കഴിഞ്ഞ 13-ാം തീയതി വിഷം കഴിച്ച നിലയിൽ നാലംഗ കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയ വിവരം പുറത്തുവന്നതുമുതൽ കൂരോപ്പട
പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ഓരോരുത്തരുടെയും വിയോഗവാർത്തകളാണ് നാടിനെ തേടിയെത്തിയത്.
ഒടുവിൽ കുടുംബത്തിന്റെ അവസാന പ്രതീക്ഷയായിരുന്ന പന്ത്രണ്ടുകാരൻ അലൻ കൂടി മരണത്തിനു കീഴടങ്ങിയതോടെ മറ്റപ്പള്ളി ഗ്രാമം മുഴുവൻ കണ്ണീരിലാഴ്ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

