തിരുവനന്തപുരം∙ മുന്മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കുന്നതില്‍ എഡിജിപി അജിത് കുമാറിന് പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കി. അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അജിത്കുമാര്‍ സമര്‍പ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് സസ്പെന്ഷന് ഉത്തരവില്‍ പരാമർശിക്കുന്നു. അന്വേഷണം വഴിതിരിച്ചുവിടാന്‍ എഡിജിപിയും അദ്ദേഹത്തിന്റെ ഓഫിസിലുള്ളവരും നിരന്തരം ശ്രമിച്ചുവെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചതായി സര്‍ക്കാര്‍ വിലയിരുത്തി.
വിഷയത്തില്‍ നിയമവിരുദ്ധമായ ഇടപെടലുകളാണ് എഡിജിപിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും, ഇത് ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിന് കാരണമായെന്നും ഉത്തരവില്‍ പറയുന്നു. അന്വേഷണത്തില്‍ നേരിട്ട് പങ്കാളികളായ ഒന്നിലധികം ഉദ്യോഗസ്ഥര്‍ അജിത് കുമാറിനെതിരെ ഗുരുതരമായ മൊഴികള്‍ നല്‍കിയിട്ടുണ്ട്.
അദ്ദേഹം സര്‍വീസില്‍ തുടരുന്നത് സുതാര്യമായ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേസിന്റെ പ്രഥമ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയത് എഡിജിപിയുടെ ഓഫിസിന്റെ നേരിട്ടുള്ള ഇടപെടല്‍ മൂലമാണെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. എഡിജിപി നേരിട്ട് കേസ് ഡയറി പരിശോധിക്കുകയും, മുന്മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന ഭാഗങ്ങളില്‍ തന്റെ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് ഡിവൈഎസ്പി കെ.പി.തോംസണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരെ കേസില്‍നിന്ന് ഒഴിവാക്കുന്നതിനായി തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും, കേസ് അവസാനിപ്പിച്ച് കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രേഖാമൂലം നിര്‍ദ്ദേശം ലഭിച്ചതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കോടതിയില്‍ നിയമപരമായി നിലനില്‍ക്കാത്ത രീതിയില്‍ കേസ് വഴിതിരിച്ചുവിടാന്‍ രണ്ട് ഡിവൈഎസ്പിമാരും ഒരു എസ്ഐയും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്.
എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐ ഗീരീഷ്, എസ്ഐ ശ്രീകാന്ത് എന്നിവര്‍ അന്വേഷണ നടപടികളില്‍ പലതവണ ഇടപെട്ടു എന്നും ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1969 ലെ അഖിലേന്ത്യാ ചട്ടങ്ങള്‍ പ്രകാരമാണ് അജിത് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

