ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി.
അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുടെ പ്രവർത്തന പുരോഗതി അദ്ദേഹം ആഭ്യന്തരമന്ത്രിക്ക് വിശദീകരിച്ചു നൽകി. അഹമ്മദാബാദിലെ ചാന്ദ് ഖെഡയിൽ നാലായിരം കോടി രൂപ നിക്ഷേപത്തിലാണ് ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, സർവീസ് അപ്പാർട്ട്മെന്റ് എന്നിവ അടങ്ങിയ വൻ പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ലുലു ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത 21 ഏക്കർ ഭൂമിയിലാണ് ഈ ബൃഹദ് പദ്ധതി ഒരുങ്ങുന്നത്. ഇതുവഴി 15,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
കൂടാതെ, സംസ്ഥാനത്ത് ഫുഡ് പാർക്ക്, ഫിഷ് പ്രോസസിങ് പ്ലാന്റ് എന്നിവ സ്ഥാപിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സഹകരണവും കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പുനൽകി.
ലുലു ഇന്റർനാഷണൽ ഹോൾഡിംങ്സ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ എ.വി. ആനന്ദ് റാം ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഇതിനുപുറമെ കോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് കൂടി യാഥാർത്ഥ്യമാക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുകയാണ്. ചങ്ങനാശേരിയിൽ ഉയരുന്ന കെജിഎ മാളിലാണ് 50,000 സ്ക്വയർ ഫീറ്റിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി.
എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിൽ ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കെ.ജിഎ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി. ഈപ്പൻ എന്നിവർ ചേർന്ന് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ചങ്ങനാശേരിയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് കോട്ടയത്തിന് പുറമെ സമീപ ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കും ഏറെ പ്രയോജനകരമാകും. പദ്ധതിയിലൂടെ 550-ലേറെ പുതിയ തൊഴിലവസരങ്ങളാണ് ലഭ്യമാകുന്നത്.
കുവൈത്ത് ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിന്റെ കെജിഎ മാളിൽ ലുലു ഹൈപ്പർമാർക്കറ്റിന് പുറമേ അന്താരാഷ്ട്ര റീട്ടെയ്ൽ ബ്രാൻഡ് ഷോറൂമുകൾ, റെസ്റ്ററന്റുകൾ, കഫേകൾ, ലക്ഷ്വറി ഹോട്ടൽ, ബാങ്ക്വറ്റ് ഹാൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

