കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരങ്ങള്‍ക്ക് ആവേശം പകരാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസവും ടീമിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലെത്തുന്നു. സ്വന്തം ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന താരം ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
ടീമിന് ശക്തമായ പിന്തുണ നല്‍കാനും മൂന്നാം സീസണിന്റെ ആവേശത്തില്‍ നേരിട്ട് പങ്കുചേരാനും മുഴുവന്‍ ക്രിക്കറ്റ് പ്രേമികളോടും സ്റ്റേഡിയത്തിലേക്ക് എത്തുവാൻ താരം ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ, കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സാലി സാംസണെയും വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പിയെയും പ്രഖ്യാപിച്ചത് ക്രിസ് ഗെയിൽ നേരിട്ടായിരുന്നു.
ക്രിസ് ഗെയിലിന്റെ കേരള സന്ദര്‍ശനം കൊച്ചി ബ്ലൂ ടൈഗേഴ്സിനും സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകര്‍ക്കും ഒരുപോലെ അഭിമാനകരമായ മുഹൂർത്തമാണെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ വ്യക്തമാക്കി. “ടീമിനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ഒരു ആഗോള സ്പോര്‍ട്സ് ബ്രാന്‍ഡ് വളര്‍ത്തിയെടുക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന് കരുത്തേകും.
കെസിഎല്‍ മൂന്നാം സീസണ് അവിസ്മരണീയമാക്കാന്‍ എല്ലാ ആരാധകരുടെയും പിന്തുണയും വേണം” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ് ഗെയിലിന്റെ ഈ വരവ് കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാന്മാരില് ഒരാളെ മൈതാനത്ത് നേരിട്ട് കാണാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ മലയാളി ആരാധകര്‍ക്ക് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

