പാവറട്ടിയിൽ അമിത കൂലി വർധന ആവശ്യപ്പെട്ട് അതിഥിത്തൊഴിലാളികൾ പണിമുടക്കി. പാവറട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.
തൊഴിൽ ആവശ്യങ്ങൾക്കായി ഒത്തുചേരാറുള്ള സ്ഥലത്ത് എത്തിയ തൊഴിലാളികൾ, ഹെൽപർമാർക്ക് 1400 രൂപ ദിവസക്കൂലി നൽകണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. “ഇൗ തുക നൽകാതെ തൊഴിലെടുക്കാൻ കഴിയില്ല” എന്ന് ഇവർ നിലപാടെടുത്തു.
നിലവിലെ കൂലി നിരക്കിൽ ജോലി ചെയ്യാൻ തയാറായ മറ്റ് തൊഴിലാളികളെ ഇവർ തടഞ്ഞതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. സംഭവമറിഞ്ഞ് പാവറട്ടി പൊലീസ് സ്ഥലത്തെത്തി.
പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് സമരത്തിന് നേതൃത്വം നൽകിയത്. പൊലീസ് എത്തിയതോടെ ഇവർ സ്ഥലത്തുനിന്ന് പിരിഞ്ഞുപോയി.
നിലവിൽ വിദഗ്ധ തൊഴിലാളികൾക്ക് 1100 രൂപയും ഹെൽപർമാർക്ക് 900 മുതൽ 950 രൂപ വരെയുമാണ് നൽകിവരുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ പോയി മടങ്ങിയെത്തിയ തൊഴിലാളികളാണ് അമിത കൂലി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
അതിഥിത്തൊഴിലാളികളുടെ കുറവ് മുതലെടുത്താണ് ഇവർ ഇത്തരത്തിൽ പെരുമാറുന്നതെന്ന് തൊഴിലുടമകൾ ആരോപിക്കുന്നു. നിർമാണ മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ കരാറുകാരനായ സാംസൺ ചിരിയങ്കണ്ടത്ത് പറഞ്ഞു.
“നിർമാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം നിർമാണ മേഖല തളർച്ചയിലാണെന്നും ഹെൽപർക്ക് ഭീമമായ കൂലി നൽകിയാൽ തൊഴിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാകുമെന്നും” അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പഞ്ചായത്തും പൊലീസും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് കരാറുകാരും തൊഴിലുടമകളും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

