നഗരത്തിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ പദ്ധതി യാഥാർത്ഥ്യമാകാതെ കിടക്കുന്നു. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ്സ്റ്റാൻഡിനു സമീപം 2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തീകരിച്ച പേ ആൻഡ് പാർക്ക് സംവിധാനമാണ് ഒന്നര വർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാതെ ഉപേക്ഷിച്ചിട്ടിരിക്കുന്നത്.
സ്വകാര്യ ബസ്സ്റ്റാൻഡിനും കണ്ണങ്കര തോടിനും മധ്യേയുള്ള ഭാഗത്ത് 15 മീറ്റർ വീതിയുള്ള ഭാഗത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് വാഹനങ്ങൾക്കുള്ള പാർക്കിങ് ഏരിയ, കാൽനട യാത്രക്കാർക്കുള്ള പാസേജ് എന്നിവ നിർമിക്കുന്നതിനാണു പദ്ധതി തയാറാക്കിയത്.
തോടിന്റെ ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ച് മണ്ണിട്ടു നികത്തി വേണം പാർക്കിങ് ഗ്രൗണ്ട് നിർമിക്കാൻ. ധനകാര്യ കമ്മിഷന്റെ ഗ്രാൻഡ് 30 ലക്ഷം രൂപ അടങ്കൽ വക കൊള്ളിച്ച പദ്ധതിയുടെ ചെലവ് 28.42 ലക്ഷം രൂപയാണ്.
പദ്ധതിയനുസരിച്ച് ഇരുചക്രവാഹനങ്ങൾക്കു 162 ചതുരശ്ര മീറ്ററും കാറുകൾക്ക് 920 ചതുരശ്ര മീറ്ററുമാണ് പാർക്കിങ് ഏരിയ നിശ്ചയിച്ചിരിക്കുന്നത്. ദീർഘദൂര യാത്ര ചെയ്യുന്നതിനായി സ്വകാര്യ ബസ്സ്റ്റാൻഡിൽ എത്തുന്നവർക്കും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും തങ്ങളുടെ വാഹനം പാർക്കു ചെയ്യാൻ പഴയ ബസ്സ്റ്റാൻഡിൽ ഉള്ള പരിമിതമായ സംവിധാനം മാത്രമേ ഉള്ളൂ.
ഇതിനു പരിഹാരമായും ബസ്സ്റ്റാൻഡിന് അടുത്തായി സ്ഥാപിച്ചിട്ടുള്ള ഹാപ്പിനസ് പാർക്കിലേക്കും ടൗൺ സ്ക്വയറിലേക്കും എത്തുന്നവർക്കും സൗകര്യമായി ഇവിടെ വാഹനം പാർക്കു ചെയ്യാൻ കഴിയും. നഗരസഭയ്ക്ക് ഒരു വരുമാന മാർഗവും ആയി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

