മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുട്യൂബർ അശ്വന്ത് കോക്കിനെതിരെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും നിയമനടപടി സ്വീകരിക്കും. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര സബ് ആർടി ഓഫിസിൽ നിന്ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16 വരെ മാത്രമായിരുന്നു കാലാവധിയുണ്ടായിരുന്നത്.
കഴിഞ്ഞയാഴ്ച കോഴിക്കോട് നടക്കാവിനു സമീപമാണ് ഇയാളുടെ വാഹനം കാറിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം സൃഷ്ടിച്ചത്. വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞുവെക്കുകയും, തുടർന്ന് ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
തുടർന്ന് വൈദ്യ പരിശോധന പൂർത്തിയാക്കി കേസ് റജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിലാണ് ഇയാളെ വിട്ടയച്ചത്. വാഹനങ്ങൾ തകർന്നതുമായി ബന്ധപ്പെട്ട് ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.
സംഭവദിവസം കയ്യിൽ ലൈസൻസ് ഇല്ലെന്നാണ് അശ്വന്ത് പൊലീസിനെ അറിയിച്ചിരുന്നത്. സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചതു പ്രകാരം പിന്നീട് സമർപ്പിച്ച ലൈസൻസ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ വിവരം വ്യക്തമായത്.
ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് അപകടമുണ്ടാക്കിയതിനാൽ അടുത്ത 5 വർഷത്തേക്ക് അശ്വന്തിന്റെ ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
അപകടം നടന്ന വാഹനത്തിൽ നിന്ന് രണ്ട് മദ്യക്കുപ്പികളും എയർ ഗണ്ണും പെല്ലറ്റുകളും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ മാപ്പ് അപേക്ഷിച്ചും തന്റെ ഭാഗത്തുണ്ടായ പിഴവ് അംഗീകരിച്ചും അശ്വന്ത് കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിലെ സിനിമ റിവ്യൂവിനിടയിൽ രംഗത്തെത്തിയിരുന്നു.
ഇനി ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കില്ലെന്നും ജീവിതത്തിൽ നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘‘എന്റെ വിഡിയോ ഇനി കാണേണ്ട, ഞാൻ ഭയങ്കര മോശക്കാരൻ ആണെന്ന് പലരും പറയുന്നു.
ഞാനത് അംഗീകരിക്കുന്നു. തെറ്റുകൾ സംഭവിക്കും.
മനുഷ്യന് തെറ്റുകൾ പറ്റും. പെൻസിലിന്റെ പുറകിൽ എന്തിനാണ് ഇറേസർ എന്ന് പണ്ട് ജോൺ ഡൺ ചോദിച്ചിട്ടുണ്ട്.
പെൻസിലിന്റെ പുറകിൽ ഇറേസർ വെക്കുന്നത് എഴുതുമ്പോൾ തെറ്റും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്.’’ – റിവ്യൂവിനിടയിൽ അശ്വന്ത് പറഞ്ഞതിങ്ങനെ. കേരളത്തിലെ റോഡുകളിൽ ആളുകളുടെ ഡ്രൈവിങ് രീതി മോശമാണെന്ന് മുൻപ് അശ്വന്ത് നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു.
ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്ന കോക്ക് നിലവിൽ അവധിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

