കൊച്ചിയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെക്കൂടി പൊലീസ് പിടികൂടി. കേസിൽ രണ്ടും നാലും പ്രതികളായ അമ്മു എന്ന ശരണ്യ, ജിതിൻ എന്നിവരാണ് ഇപ്പോൾ പിടിയിലായത്.
വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചയോടെ പ്രതികളെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്തടിപ്പാലത്തെ സ്പായിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ പ്രതികൾ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കേസിൽ ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്ത് മാർട്ടിൻ എന്നിവരെ കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ അറസ്റ്റിന് പിന്നാലെയാണ് ശരണ്യയും ജിതിനും ഒളിവിൽ പോയത്. തുടർന്ന് പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് വയനാട്ടിൽ നിന്നും ഇവർ പിടിയിലായത്.
ഇതോടെ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും നിയമത്തിന് മുന്നിലെത്തിയിരിക്കുകയാണ്.
ഒക്ടോബർ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്തടിപ്പാലത്തെ സ്പായിൽ മാനേജർ തസ്തികയിൽ ഒഴിവുണ്ടെന്ന് കാട്ടി പ്രതികൾ ഓൺലൈൻ വഴി പരസ്യം നൽകിയിരുന്നു.
ഇത് കണ്ടാണ് യുവതി ജോലിക്കായി അപേക്ഷ സമർപ്പിച്ചത്. തുടർന്ന് ഒക്ടോബർ രണ്ടാം തീയതി യുവതി നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാനെത്തി.
എന്നാൽ അന്ന് വൈകുന്നേരം തന്നെ ജോലി സ്ഥിരീകരിച്ചതായും തുടർന്ന് ഓഫീസിൽ ചെറിയൊരു പാർട്ടിയുണ്ടെന്നും വിശ്വസിപ്പിച്ച് പ്രതികൾ യുവതിയെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. സ്പായിൽ ശരണ്യ ഉൾപ്പെടെയുള്ള സ്ത്രീകൾ ഉണ്ടാകുമെന്ന ധൈര്യത്തിലാണ് യുവതി വീണ്ടും അവിടെയെത്തിയത്.
യുവതിയുടെ ഭർത്താവ് കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറാണ്. അദ്ദേഹം ജോലിക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ കൃത്യത്തിനായി യുവതിയെ വീണ്ടും വിളിച്ചുവരുത്തിയത്.
എന്നാൽ സ്പായിൽ എത്തിയ യുവതിയെ പ്രതികൾ അതിക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഐസ്ക്രീമിൽ ലഹരി വസ്തുക്കൾ കലർത്തി നൽകിയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
കേസിലെ രണ്ടാം പ്രതിയായ ശരണ്യയാണ് യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്നും വിവരമുണ്ട്. ഒരു ദിവസം മുഴുവൻ മുറിയിൽ പൂട്ടിയിട്ടായിരുന്നു ഈ ക്രൂരത.
ശരണ്യ പീഡനം നടത്തുമ്പോൾ മറ്റ് പ്രതികൾ പുറത്തു കാവൽ നിൽക്കുകയായിരുന്നു. നീണ്ട
പീഡനത്തിന് ശേഷം പിറ്റേദിവസമാണ് യുവതിക്ക് അവിടെ നിന്നും രക്ഷപ്പെടാൻ സാധിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇവർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ശ്രീരാജ് മുൻപും കൊച്ചിയിൽ സ്പാ നടത്തിയിരുന്ന വ്യക്തിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്പായുടെ മറവിൽ ഇയാൾ മുൻപും നിരവധി യുവതികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഈ കോണിൽ നിന്നും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിക്രമത്തിന് ഇരയായ യുവതി നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയുടെ ആരോഗ്യനില പൂർണ്ണമായും മെച്ചപ്പെട്ട ശേഷം എസിപിയുടെ നേതൃത്വത്തിൽ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ പ്രതികളുടെ തിരിച്ചറിയൽ പരേഡും ഉടൻ തന്നെ നടത്തുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

