രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക സംഗീതവേദികളിൽ വയലിനിൽ വിസ്മയം തീർത്ത വിരലുകൾ ഇനി കർണാടക സംഗീത ലോകത്ത് ട്രംപറ്റിലൂടെ പുതിയ സ്വരധാരയൊരുക്കുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലഘട്ടത്തിൽ ഡൽഹിയിലെ രാഷ്ട്രപതി ഭവൻ മ്യൂസിക് ബാൻഡിൽ വയലിനിസ്റ്റായി തിളങ്ങിയ കോട്ടയം തിരുവാതുക്കൽ രേവതിയിൽ ആർ.ജഗദീഷ് കുമാർ ആണ് തികച്ചും വ്യത്യസ്തമായ ഈ സംഗീതയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
കർണാടക സംഗീത ശാഖയിൽ ട്രംപറ്റ് എന്ന സംഗീതോപകരണത്തെ തന്റെ പ്രധാന സ്വരഭാഷയാക്കി മാറ്റിക്കൊണ്ടുള്ള വിപ്ലവകരമായ പരീക്ഷണമാണിത്. പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ നടന്നു വരുന്ന നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 7ന് രാവിലെ ഒൻപതിന് ജഗദീഷ് കുമാറിന്റെ സംഗീതവിരുന്ന് അരങ്ങേറി.
സ്കൂൾ, കോളജ് പഠനകാലത്ത് കലാക്ഷേത്ര മാത്യുവിന്റെ ശിക്ഷണത്തിലാണ് അദ്ദേഹം വയലിൻ അഭ്യസിച്ചത്. സി.എം.എസ് കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ വിദ്യാഭ്യാസം തുടരുന്നതിനിടെയാണ് 2001-ൽ അദ്ദേഹം നേവി മ്യൂസിക് ബാൻഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക വിരുന്നുകളിലെല്ലാം പശ്ചാത്തല സംഗീതം ഒരുക്കുക എന്നതാണ് നേവി മ്യൂസിക് ബാൻഡിന്റെ പ്രധാന ചുമതല. വായ്പ്പാട്ടുകൾ ഇല്ലാതെ കേവലം ഉപകരണ സംഗീതം മാത്രമുള്ള ഈ ദൗത്യത്തിൽ 2014 വരെ അദ്ദേഹം സജീവമായി തുടർന്നു.
പ്രശസ്തരായ എ.കെ.രവീന്ദ്രൻ നായരുടെയും കാഥിക എൻ.വത്സലകുമാരിയുടെയും മകനാണ് ആർ.ജഗദീഷ് കുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

