മൂലമറ്റം കേന്ദ്രീകരിച്ച് ഹൈറേഞ്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ നഗരത്തെ ഒഴിവാക്കി സർവീസ് നടത്തുന്നതായി വ്യാപക പരാതി. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അശോക കവലയിൽ നിന്ന് മൂലമറ്റത്തെത്തി യാത്രക്കാരെ കയറ്റി മടങ്ങി വേണം ഹൈറേഞ്ച് ബസുകൾ സർവീസ് നടത്തേണ്ടത്. എന്നാൽ, ചില സ്വകാര്യ ബസുകൾ ഈ റൂട്ട് ഒഴിവാക്കി മുന്നോട്ടു പോകുകയാണ്.
ഇത് കെഎസ്ആർടിസി ബസുകളുടെ കലക്ഷനെ സാരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൈറേഞ്ചിൽ നിന്നു തൊടുപുഴയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും അശോക കവലയിൽ നിന്നു തിരിഞ്ഞു മൂലമറ്റം ടൗണിൽ പ്രവേശിക്കാതെ നേരിട്ട് സർവീസ് നടത്തുന്നതായാണ് പ്രധാന പരാതി.
കൂടാതെ, കെഎസ്ആർടിസി ബസിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ കുറുക്കുവഴികളിലൂടെ സർവീസ് നടത്തുന്നതും പതിവായി മാറിയിട്ടുണ്ട്. മൂലമറ്റത്തേക്ക് യാത്ര ചെയ്യേണ്ടവരെ അശോക കവലയിൽ തന്നെ ഇറക്കിവിടുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
ഇതിനെതിരെ ചോദ്യം ചെയ്താൽ ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. കെഎസ്ആർടിസി സർവീസുകളെ തകർക്കാനാണ് സ്വകാര്യ ബസുടമകൾ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ഇതിന് അധികാരികളുടെ മൗനാനുവാദമുണ്ടെന്നും ആരോപണമുണ്ട്.
മൂലമറ്റത്തെത്തുന്ന ഹൈറേഞ്ച് ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ച് വാഹനം നിർത്തി ആളെ കയറ്റിയിറക്കാൻ തയാറാകുന്നില്ല. യാത്രക്കാരെ നടുറോഡിൽ ഇറക്കിവിട്ട് മടങ്ങാനാണ് ഇവർ ശ്രമിക്കുന്നത്.
സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കുമ്പോൾ സർവീസ് നടത്തേണ്ട റൂട്ടുകളെക്കുറിച്ചും പാലിക്കേണ്ട
സമയക്രമങ്ങളെക്കുറിച്ചും റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നിന്ന് വ്യക്തമായ നിർദേശങ്ങൾ നൽകാറുണ്ട്. മുൻകാലങ്ങളിൽ ഇതിനെതിരെ മോട്ടർവാഹന വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും നിലവിൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, അവധി ദിവസങ്ങളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ മുടക്കുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നതായും പരാതിയുണ്ട്. തൊടുപുഴ മേഖലയിൽ ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും കെഎസ്ആർടിസിയുടെ വിവിധ ഓർഡിനറി സർവീസുകൾ മുടങ്ങുന്നത് പതിവാണ്.
സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതിന് പുറമേയാണ് കെഎസ്ആർടിസിയും അവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും ട്രിപ്പുകൾ റദ്ദാക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള പൊതുഅവധി ദിവസങ്ങളിൽ സ്കൂളുകളും സർക്കാർ ഓഫിസുകളും മാത്രമാണ് അവധിയെങ്കിലും സ്വകാര്യ സ്ഥാപനങ്ങളും വ്യാപാര വ്യവസായ ശാലകളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്.
ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും മറ്റ് യാത്രക്കാരും യാത്രയ്ക്കായി ആശ്രയിക്കുന്ന പ്രധാന ബസുകളാണ് അവധിയുടെ പേരിൽ സർവീസ് റദ്ദാക്കുന്നത്. ഇത് സാധാരണക്കാരായ യാത്രാസമൂഹത്തെയാണ് സാരമായി ബാധിക്കുന്നത്.
എന്നാൽ, ഞായർ ഒഴികെയുള്ള മറ്റു പൊതുഅവധി ദിവസങ്ങളിൽ എല്ലാ സ്വകാര്യ ബസുകളും കൃത്യമായി സർവീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസിയിലെ ചില യൂണിയൻ നേതാക്കളുടെ അനധികൃത ഇടപെടലുകളെത്തുടർന്നാണ് പല ഗ്രാമീണ സർവീസുകളും അവധി ദിവസങ്ങളിൽ വെട്ടിക്കുറയ്ക്കുന്നതെന്നാണ് പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

