പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് പാചകവാതക വിലയിലുണ്ടായ അനിയന്ത്രിതമായ വർധന ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കി. ഇതിന്റെ പ്രത്യാഘാതം നേരിടുന്നത് സാധാരണക്കാരായ ഉപഭോക്താക്കളാണ്.
ചായ, പൊറോട്ട, ചപ്പാത്തി തുടങ്ങിയ നിത്യോപയോഗ ഭക്ഷണസാധനങ്ങൾക്ക് ഹോട്ടലുടമകൾ വില വർധിപ്പിച്ചിരിക്കുകയാണ്. നിലവിൽ മിക്ക ഹോട്ടലുകളിലും ചായയുടെ വില 10–12 രൂപയിൽ നിന്ന് 15 രൂപയായി ഉയർന്നു.
കാപ്പിയുടെ വില 20 രൂപയിൽ നിന്ന് 22–25 രൂപ എന്ന നിരക്കിലേക്കെത്തി. പൊറോട്ട
ഒന്നിന് 13 രൂപയിൽ നിന്ന് 16 രൂപയായും, ചപ്പാത്തിക്ക് ഒരു രൂപ മുതൽ അഞ്ച് രൂപ വരെയും വർധനയുണ്ട്. ഊണിനും ബിരിയാണിക്കും 10 മുതൽ 20 ശതമാനം വരെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ 50 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് ഇപ്പോൾ 70 രൂപ നൽകണം. കൂടാതെ, ഊണിനൊപ്പം വിളമ്പിയിരുന്ന വിഭവങ്ങളുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്.
ബിരിയാണിയുടെ കാര്യത്തിൽ 20 മുതൽ 40 രൂപ വരെയാണ് വർധന. ലഘുഭക്ഷണങ്ങളുടെയും ബേക്കറി ഉൽപന്നങ്ങളുടെയും വിലയിലും സമാനമായ വർധനയുണ്ട്.
അഞ്ച് രൂപയ്ക്ക് ലഭിച്ചിരുന്ന എണ്ണക്കടികൾക്ക് ഇപ്പോൾ എട്ട് രൂപ നൽകണം. നഗരങ്ങളിൽ ജോലി ആവശ്യങ്ങൾക്കായും പഠനത്തിനായും താമസിക്കുന്നവരെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കു വഴിയുള്ള ഇന്ധന നീക്കം സ്തംഭിച്ചതോടെ രാജ്യത്ത് വാണിജ്യ പാചകവാതക വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി.
പാചകവാതകത്തിന് പുറമേ പാൽ, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയുടെ വിലക്കയറ്റവും ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിപ്പിക്കാൻ ഉടമകളെ നിർബന്ധിതരാക്കി. സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും വിറകടപ്പിലേക്ക് മാറിയിരുന്നെങ്കിലും, വിറകിന്റെ വിലയും ആയിരത്തിൽ നിന്ന് മൂവായിരം രൂപയായി കുതിച്ചുയർന്നത് പ്രതിസന്ധി ഇരട്ടിയാക്കി.
ഇൻഡക്ഷൻ പാചകരീതികൾക്ക് ഉയർന്ന ചെലവ് വരുന്നതിനാൽ നിലവിൽ അത് പ്രായോഗികമല്ലെന്നാണ് ഉടമകളുടെ നിലപാട്. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങി 62 ദിവസത്തിനിടെ വാണിജ്യ സിലിണ്ടർ വിലയിൽ 1303 രൂപയുടെ വർധനയാണുണ്ടായത്.
ഏറ്റവും ഒടുവിലായി ഈ മാസം രണ്ടിന് 993 രൂപ ഒറ്റയടിക്ക് വർധിപ്പിച്ചിരുന്നു. നിലവിൽ 19 കിലോഗ്രാം സിലിണ്ടറിന് 3200 രൂപയാണ് വില; യുദ്ധത്തിന് മുൻപ് ഇത് 1610 രൂപയായിരുന്നു.
വില വർധന മൂലം ഹോട്ടലുകളിലെ തിരക്ക് കുറയുമോ എന്ന ആശങ്കയും ഉടമകൾ പങ്കുവെക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

