തൃക്കരിപ്പൂർ ∙ രണ്ടര പതിറ്റാണ്ടിനപ്പുറം ലഭിച്ച കുഞ്ഞിക്കുടയും സർട്ടിഫിക്കറ്റുമായി മാജിക് അങ്കിളിനെ കാണാൻ വിദ്യയും കുടുംബവും എത്തിയപ്പോൾ മജിഷ്യൻ ഗോപിനാഥ് മുതുകാടിനും കാഴ്ചക്കാർക്കും ജാലവിദ്യപോലെ അതൊരു വിസ്മയവും പിന്നീട് നിറഞ്ഞ സ്നേഹവുമായി. കരിവെള്ളൂർ മാന്യഗുരു യുപി സ്കൂൾ അധ്യാപിക വിദ്യയും കുടുംബവുമാണ് 27 വർഷം മുൻപ് സമ്മാനമായി ലഭിച്ച കുഞ്ഞിക്കുടയും സർട്ടിഫിക്കറ്റുമായി ഗോപിനാഥ് മുതുകാടിനു മുന്നിൽ എത്തിയത്.
ഉദിനൂർ തടിയൻ കൊവ്വൽ എഎൽപി സ്കൂൾ വാർഷികത്തിലാണ് സ്മൃതി പേടകം തുറന്ന സമ്മാനവുമായി മക്കളോടൊപ്പം വിദ്യ വന്നത്. വാർഷികത്തിന്റെ ഉദ്ഘാടകനായ മജിഷ്യൻ ഗോപിനാഥ് മുതുകാടിനും കാണികൾക്കും ഇത് ഒരുപോലെ വിസ്മയമായി.
രണ്ടരപ്പതിറ്റാണ്ട് മുൻപ് പയ്യന്നൂരിൽ മാജിക് അവതരിപ്പിക്കാനെത്തിയ മുതുകാട് സദസ്സിൽനിന്ന് കുട്ടികളെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ 10 വയസ്സുകാരിയായ വിദ്യ വേദിയിലേക്ക് ചാടിക്കയറി.
അന്നാണ് ഉപഹാരമായി കുഞ്ഞിക്കുടയും സർട്ടിഫിക്കറ്റും ലഭിച്ചത്. വീട്ടിലെ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചതാണ് സമ്മാനം.
സ്കൂൾ വാർഷികത്തിന് മുതുകാടെത്തുന്ന വിവരമറിഞ്ഞപ്പോൾ മുതുകാടിൽനിന്നു പണ്ട് സമ്മാനമായി ലഭിച്ച, നിധിപോലെ കാത്തുസൂക്ഷിച്ച കുഞ്ഞിക്കുടയും സർട്ടിഫിക്കറ്റുമായി വിദ്യയും ഭർത്താവ് വാട്ടർ അതോറിറ്റി ജീവനക്കാരൻ പി.പി.രാകേഷ്, മക്കളായ റോഹൻ, ഇഷാൻ, നിയ എന്നിവരും എത്തി.
മജിഷ്യനെന്ന നിലയിൽ എത്രയോ ഉപഹാരങ്ങളും അംഗീകാരങ്ങളും നേടിയ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യയോടും കുടുംബത്തോടുമൊപ്പം ഫോട്ടോയെടുത്താണ് മുതുകാട് മടങ്ങിയത്.പ്രധാനാധ്യാപിക വി.ലളിത, അധ്യാപകൻ ടി.അരുൺകുമാർ എന്നിവരുടെ യാത്രയയപ്പിനോടനുബന്ധിച്ചാണ് വാർഷികാഘോഷം നടത്തിയത്.
നടൻ പി.പി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. റവ.ഫാ.ക്ലാരൻസ് പാലിയത്ത്, സംവിധായകൻ വിവേക് രാമചന്ദ്രൻ, എഇഒ രമേശൻ പുന്നത്തിയൻ, സി.സുബ്രഹ്മണ്യൻ, കെ.ലക്ഷ്മണൻ, പിടിഎ പ്രസിഡന്റ് വി.എം.പ്രശാന്ത്, കെ.മോഹനൻ, കെ.വി.സരസ്വതി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

