കോട്ടയം തീക്കോയിയിൽ യുവതിയെ തടവിലാക്കി പ്രസവാനന്തരം കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടന്നതായി പരാതി. അസം സ്വദേശിയായ 22കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട
പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അസം സ്വദേശിനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. വാഗമണ്ണിന് സമീപം തീക്കോയ് കേന്ദ്രീകരിച്ച് കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
സ്വന്തം വീട്ടുകാർ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്നാണ് യുവതി നാടുവിട്ടത്. തുടർന്ന് അമ്മയെയും കുട്ടിയെയും സംരക്ഷിക്കുന്ന കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തിരയുകയും, തീക്കോയിലെ ‘അർഷിവ് കെയർ’ എന്ന സ്ഥാപനത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.
തുടർന്ന് യുവതി ഈ സ്ഥാപനവുമായി ബന്ധപ്പെടുകയായിരുന്നു. കാർത്തിക് എന്ന് പരിചയപ്പെടുത്തിയ വ്യക്തി കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചു നൽകിയതായി യുവതി പറയുന്നു.
പത്ത് ദിവസങ്ങൾക്ക് മുൻപാണ് യുവതി തീക്കോയിൽ എത്തിയത്. സ്ഥാപനത്തിൽ എത്തിയതിന് ശേഷം കുഞ്ഞിനെ നൽകിയാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് ഒരാൾ വാഗ്ദാനം ചെയ്തുവെന്ന് 22കാരി പോലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
കുഞ്ഞിന് വിലയിട്ടതോടെയാണ് തട്ടിപ്പ് നടക്കുകയാണെന്ന് യുവതിക്ക് മനസ്സിലായത്. തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട് ഓടിയ യുവതി കോട്ടയത്തുള്ള സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിൽ അഭയം തേടുകയായിരുന്നു.
ട്രസ്റ്റിന്റെ ഇടപെടലിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തീക്കോയിൽ നിന്ന് രണ്ട് പേരെ ഈരാറ്റുപേട്ട
പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് അറസ്റ്റിലായത്.
യുവതിയെ അന്യായമായി തടവിൽ പാർപ്പിച്ചു, മർദിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
യുവതി പരാതിയിൽ ഉന്നയിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും യുവതിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

