ന്യൂഡൽഹിയിൽ നടന്ന പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ, മുൻ കേന്ദ്രമന്ത്രി അന്തരിച്ച സുഷമ സ്വരാജിന്റെ മകളും ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ ബാസുരി സ്വരാജ് പ്രധാനമന്ത്രിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ജെൻസി ശൈലി വലിയ തോതിൽ ശ്രദ്ധനേടി. പരീക്ഷാ സമ്പ്രദായത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ക്ലോക്ക്’ ചെയ്തു എന്നും നിയമനിർമാണത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു എന്നുമാണ് അവർ വ്യക്തമാക്കിയത്.
മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകാത്ത ഒരു കാര്യം കൃത്യമായി കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്യുക, അല്ലെങ്കിൽ ഒരാൾ പറഞ്ഞത് പൂർണമായും ശരിയാണെന്ന് സൂചിപ്പിക്കുക തുടങ്ങിയ സന്ദർഭങ്ങളിലാണ് ‘ക്ലോക്ക് ഇറ്റ്’ (Clock it) എന്ന പദം ജെൻസി തലമുറ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ നിയമനിർമാണം കേവലം ഒരു ആവശ്യകത മാത്രമല്ലെന്നും മറിച്ച് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പാർലമെന്റിൽ സംസാരിക്കവേ അവർ ചൂണ്ടിക്കാട്ടി.
“ഏതെങ്കിലും ഒരു മത്സര പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നാൽ അത് വിദ്യാർഥികളെ മാത്രമല്ല ബാധിക്കുന്നത്, അവരുടെ രക്ഷിതാക്കളെക്കൂടിയാണ്. മോദി സർക്കാരിന്റെ സംവേദനക്ഷമതയ്ക്കും ഉത്തരവാദിത്തമുള്ള ഭരണത്തിനുമുള്ള തെളിവാണ് ഈ ബിൽ” എന്ന് അവർ കൂട്ടിച്ചേർത്തു.
പൊതു പരീക്ഷാ ഭേദഗതി ബിൽ നിലവിൽ വരുന്നതോടെ ചോദ്യപ്പേപ്പർ ചോർച്ചയുണ്ടാകുന്ന പക്ഷം കേസുകളിൽ വേഗത്തിലുള്ള വിചാരണയും കുറ്റവാളികൾക്ക് കർശന ശിക്ഷയും ഉറപ്പാക്കാൻ സാധിക്കും. രാജ്യത്ത് ചോദ്യപ്പേപ്പർ ചോർച്ച ആദ്യമായി ഉണ്ടായത് 2014 ലാണെന്ന തെറ്റായ ധാരണ പരത്താൻ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ബോധപൂർവം ശ്രമിക്കുകയാണെന്നും ബാസുരി സ്വരാജ് ആരോപിച്ചു.
മുൻ യുപിഎ സർക്കാരിന്റെ കാലത്തും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഏകദേശം 22 ഓളം ചോദ്യപ്പേപ്പർ ചോർച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

