ദേശീയപാതകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ പദ്ധതിയിട്ട സംഘത്തെ പൊലീസ് പിടികൂടി.
അങ്കമാലി പൊലീസാണ് ഈ കുറ്റകൃത്യം തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് അറസ്റ്റിലായിരിക്കുന്നത്.
ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരെയാണ് അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നിർണായക വഴിതിരിവുണ്ടായത്.
ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ വാഹനം ഉദ്യോഗസ്ഥർ തടഞ്ഞു പരിശോധിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് കത്തി കണ്ടെടുത്തതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ഈ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലെ ഒരു വീട്ടിൽ ഈ സംഘം ഒത്തുകൂടിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ നീക്കത്തിലാണ് ബാക്കി പ്രതികളെക്കൂടി പിടികൂടാൻ സാധിച്ചത്.
ഹൈവേയിലൂടെ പണവുമായി കടന്നുപോകുന്ന വാഹനങ്ങൾ ലക്ഷ്യമിട്ട് കൊള്ള നടത്താൻ പദ്ധതിയിട്ടാണ് ഇവർ ഒത്തുകൂടിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആലുവ ഡിവൈഎസ്പി എൻ ബാബു കുട്ടൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, എഎസ്ഐ ഇഗ്നീഷ്യസ്, എസ് സി പി ഒമാരായ നിൽസൺ, എബി സുരേന്ദ്രൻ, സിപിഒ അജിത തിലകൻ എന്നിവരും ഈ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

