കായംകുളം-തിരുവല്ല സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തിൽ പ്രസാദിന്റെയും (ബഹ്റൈൻ) കണ്ണമംഗലം സൗത്ത് ഗവൺമെന്റ് യുപി സ്കൂൾ അധ്യാപിക ശശികലയുടെയും മകൻ പി പരമേശ്വർ (18) ആണ് മരണപ്പെട്ടത്.
ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ 8.20-ന് ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് വടക്കുഭാഗത്തുവെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം സംഭവിച്ചത്.
കോളേജിലേക്ക് പോകുന്നതിനായി പരമേശ്വർ സ്കൂട്ടറിൽ ചെട്ടികുളങ്ങരയിൽനിന്ന് വടക്കോട്ട് സഞ്ചരിക്കുമ്പോൾ കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ വിദ്യാർഥി മരണപ്പെട്ടു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്കൂട്ടർ പിന്നാലെ വന്ന മറ്റൊരു ബൈക്കിലും ഇടിക്കുകയുണ്ടായി. തുടർന്ന് ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനുമായ സന്തോഷിന് പരിക്കേറ്റു.
ഇദ്ദേഹത്തെ ഉടൻതന്നെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരമേശ്വറിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. ഗൗരി പ്രിയയാണ് സഹോദരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

