യുഎസിലെ ടെനിസിയിൽ വിഷമിശ്രിതം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട് രക്ഷപ്പെട്ട സംഭവത്തിന് ശേഷം ക്രിസ്റ്റ പൈക്ക് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെങ്കിലും, ‘മുറിവുകൾ ഉണങ്ങുന്നു എന്നതിനർഥം വേദനകൾ അവസാനിച്ചു എന്നല്ല’ എന്ന് അവർ വ്യക്തമാക്കി. ‘അന്നത്തെ രാത്രിക്ക് ശേഷം വേദനയില്ലാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
ശരീരം മുഴുവൻ നീറുകയാണ്; കൈകളും തൊണ്ടയുമെല്ലാം വല്ലാതെ വേദനിക്കുകയും ഇപ്പോഴും സംസാരിക്കാൻ ഏറെ പ്രയാസപ്പെടുകയും ചെയ്യുന്നു’ അഭിഭാഷകർ മുഖേന പുറത്തുവിട്ട രേഖാമൂലമുള്ള പ്രസ്താവനയിൽ ക്രിസ്റ്റ പൈക്ക് പറഞ്ഞു.
‘വേദന എന്റെ ശരീരത്തിൽ മാത്രമൊതുങ്ങുന്ന ഒന്നല്ല, അത് എന്റെ മനസ്സിനെയും ആത്മാവിനെയും കാർന്നുതിന്നുകയാണ്.’ 1995 ൽ സഹപാഠിയായ കോളിൻ സ്ലെമ്മർ ക്രൂരമായി മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിൽ സെപ്റ്റംബർ 30 നായിരുന്നു ക്രിസ്റ്റ പൈക്ക് എന്ന 50 കാരിയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ട് ഡോസ് പെന്റോബാർബിറ്റൽ കുത്തിവച്ചിട്ടും മരണത്തിന് കീഴടങ്ങാതെ വന്നതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരാജയപ്പെട്ട വധശിക്ഷാ ശ്രമത്തിന് തൊട്ടുപിന്നാലെ വെന്റിലേറ്ററിലായ പൈക്ക് ജീവനോടെ തിരിച്ചുവരുമെന്ന് അഭിഭാഷകർ പോലും കരുതിയിരുന്നില്ല.
എന്നാൽ ബോധം തിരിച്ചുകിട്ടിയ അവർ, പിന്നീട് പരസഹായത്തോടെ നടക്കാനും സംസാരിക്കാനും തുടങ്ങി. 10 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം നാഷ്വിലിലെ പുനരധിവാസ കേന്ദ്രത്തിൽ ഏകാന്തതടവിലാണ് ക്രിസ്റ്റ പൈക്ക് ഇപ്പോൾ.
ജയിലും ഇവർക്ക് തുടർചികിത്സ നൽകിവരികയാണെന്ന് അഭിഭാഷകർ അറിയിച്ചു. മരണത്തെ നേരിടാൻ താൻ പൂർണ്ണമായും തയാറെടുത്തിരുന്നുവെന്നും എന്നാൽ അതിനുപകരം, ‘തീർത്തും ഏകാകിയായി, എന്തുനടന്നുവെന്ന് മനസ്സിലാകാതെ, കൊടും വേദനയോടെ ഒരു ആശുപത്രി കിടക്കയിലാണ് താൻ കണ്ണുതുറന്നത്’ എന്നും ക്രിസ്റ്റ പൈക്ക് പ്രസ്താവനയിൽ ഓർത്തെടുക്കുന്നു.
‘അന്നത്തെ രാത്രിക്ക് ശേഷം, ജയിലിലെ മെഡിക്കൽ വാർഡിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഞാൻ.
എനിക്ക് ഏറെ പ്രിയപ്പെട്ട മറ്റു മനുഷ്യരുമായുള്ള സമ്പർക്കങ്ങളെല്ലാം നിലച്ചിരിക്കുന്നു.
ഈ ഒറ്റപ്പെടൽ നൽകുന്ന വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. 28 വർഷത്തോളം ഞാൻ ഏകാന്തതടവ് അനുഭവിച്ചതാണ്.
ഇന്ന് ഞാൻ അനുഭവിക്കുന്നതും ഏതാണ്ട് അതേ നരകയാതന തന്നെയാണ്.’ – ക്രിസ്റ്റ പൈക്ക് കൂട്ടിച്ചേർത്തു. തനിക്കെതിരെയുള്ള രണ്ടാമതൊരു വധശിക്ഷാ നീക്കത്തെ ചെറുത്തുതോൽപ്പിക്കാൻ ദീർഘമേറിയ ഒരു നിയമപോരാട്ടത്തിനാണ് ക്രിസ്റ്റ പൈക്ക് ഇപ്പോൾ ഒരുങ്ങുന്നത്.
സെപ്റ്റംബർ 30 ന് തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങൾ കൂടി ഉൾപ്പെടുത്തി കേസ് രേഖകൾ ഭേദഗതി ചെയ്യാൻ അനുവദിക്കണമെന്ന് പൈക്കിന്റെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ ഇവരുടെ ഗുരുതരമായ ആരോഗ്യസ്ഥിതി പരിഗണിച്ച്, പുതിയ ഹർജി സമർപ്പിക്കാൻ അടുത്ത ജനുവരി അവസാനം വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്.
വിഷമിശ്രിതം കുത്തിവച്ചുള്ള വധശിക്ഷയെ അതിജീവിച്ച ചരിത്രത്തിലെ ഏക വ്യക്തി പൈക്കാണെന്നാണ് ‘ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ’ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

