തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറത്തുവന്ന വിവരങ്ങളെക്കാൾ വലിയ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കത്തിലുള്ളതെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് വിഷയം ഗൗരവമായി എടുത്ത് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ടി വരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
എങ്കിലും ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനം കൈക്കൊള്ളേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. തെളിവുകൾ ഡിജിപിക്ക് കൈമാറിയതിന് പിന്നാലെ മാസപ്പടി കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇഡി.
തിങ്കളാഴ്ച അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. മാസപ്പടി കേസിൽ വീണയുടെ കമ്പനി വഴി നടന്ന കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും, വീണ ഇതിൽ ഇടനിലക്കാരിയായി പ്രവർത്തിക്കുകയായിരുന്നു എന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) കേസL അടിസ്ഥാനമാക്കിയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ നിലവിലെ കള്ളപ്പണ കേസിൽ പിണറായി വിജയൻ പ്രതിയല്ല.
വീണയും സിഎംആർഎൽ ഉടമകളും ചില ഉദ്യോഗസ്ഥരുമാണ് ഈ കേസിലെ പ്രതികൾ. ഈ സാഹചര്യത്തിലാണ് വീണയ്ക്ക് ലഭിച്ച 3.28 കോടി രൂപ പിണറായി വിജയനുള്ള അഴിമതി പണമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനോട് കേസ് എടുക്കാൻ ഇഡി ആവശ്യപ്പെടുന്നത്.
വിജിലൻസ് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ, ആ എഫ്ഐആർ നിലവിലെ കള്ളപ്പണ കേസിന്റെ ഭാഗമാക്കാനും, തുടർന്ന് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രധാന പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനും ഇഡിക്ക് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

