യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമായി കൊല്ലം – കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് ദീർഘിപ്പിച്ച് റെയിൽവേ ഉത്തരവായി. കൊടിക്കുന്നിൽ സുരേഷ് എംപി, രാജീവ് ചന്ദ്രശേഖർ എംഎൽഎ എന്നിവരുടെ ശക്തമായ ഇടപെടലുകളുടെ ഫലമായാണ് റെയിൽവേയുടെ ഈ നിർണായക നടപടി.
കോട്ടയം – എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും നേരിട്ട് ബോധ്യപ്പെടുത്തിയാണ് കേന്ദ്ര റെയിൽവേ മന്ത്രിയോട് അധിക ട്രെയിൻ സർവീസിനായി ആവശ്യപ്പെട്ടതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
സ്ത്രികളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇരിക്കാനോ സുരക്ഷിതമായി നിൽക്കാനോ പോലും ഇടമില്ലാത്ത സാഹചര്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തുടർച്ചയായ ഇടപെടലുകളുടെയും ചർച്ചകളുടെയും ഫലമായാണ് ഇപ്പോൾ അനുകൂല തീരുമാനം ഉണ്ടായത്.
കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് ലഭിക്കുന്ന സന്തോഷകരമായ സമ്മാനമായി ഈ തീരുമാനത്തെ കാണുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവെച്ചു.
തിങ്കളാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1:40ന് പുറപ്പെടുന്ന രീതിയിലാണ് പുതിയ സമയക്രമം തയ്യാറാക്കിയിട്ടുള്ളത്.
എറണാകുളത്തുനിന്ന് വൈകുന്നേരം 5:25നാണ് ട്രെയിൻ തിരികെ പുറപ്പെടുക. ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ പ്രധാന സ്റ്റേഷനുകളിൽ പുതിയ മെമുവിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
പുതിയ മെമു സർവീസ് യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. പ്രത്യേകിച്ച് ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, മൺട്രോത്തുരുത്ത് തുടങ്ങിയ മേഖലകളിലെ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട
യാത്രാസൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

