പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽ ഒരു ആദിവാസി കുടുംബം കടുത്ത ദുരിതത്തിൽ കഴിയുന്നു. പഴയ ടാർപോളിനും പ്ലാസ്റ്റിക് ചാക്കുകളും വലിച്ചുകെട്ടിയുണ്ടാക്കിയ ഒരു കൂരയിലാണ് പിഞ്ചുകുട്ടികൾ ഉൾപ്പെടെ 16 പേർ അടങ്ങുന്ന വലിയൊരു കുടുംബം അന്തിയുറങ്ങുന്നത്.
കിഴക്കഞ്ചേരി പഞ്ചായത്തിലെ 11-ാം വാർഡ് കണച്ചിപ്പരുത കൊടുമ്പാലയിലെ (കൊട്ടടി) ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥയാണിത്. വയോധികരായ ചാമി, ചിന്ന ദമ്പതികളും ഇവരുടെ മക്കളായ സുരേഷ്, സുധീഷ്, അമ്പിളി, അഭിജിത്ത്, വിഷ്ണു എന്നിവരും ഇവരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടുന്നതാണ് ഈ കുടുംബം.
കൈവശമുള്ള ആകെയുള്ള 4 സെന്റ് സ്ഥലത്താണ് ഇവരുടെ മുഴുവൻ ജീവിതവും നടക്കുന്നത്. വീടിനു മുന്നിൽ കെട്ടിമറച്ചിരിക്കുന്ന ഭാഗമാണ് ഇവർ ശുചിമുറിയായി ഉപയോഗിക്കുന്നത്.
മഴ പെയ്താൽ വീടിന്റെ എല്ലാ ഭാഗത്തുനിന്നും വെള്ളം ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. ശക്തമായ കാറ്റുകൂടി വീശിയടിച്ചാൽ വീടിനുള്ളിൽ ഇരിക്കുന്നവർ നനഞ്ഞു കുതിരുന്ന അവസ്ഥയുണ്ട്.
രാത്രികാലങ്ങളിൽ മഴ പെയ്താൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനുപുറമേ ഇഴജന്തുക്കളുടെ ശല്യത്തെക്കുറിച്ചുള്ള ഭയവും കുടുംബത്തെ വേട്ടയാടുന്നുണ്ട്.
അടച്ചുറപ്പുള്ള ഒരു വീടിനായി പട്ടികജാതി വർഗ വികസന വകുപ്പിലും പഞ്ചായത്തിലും പലതവണ അപേക്ഷ നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അവഗണന മാത്രമാണ് ഉണ്ടായതെന്ന് അമ്പിളി മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രധാന റോഡിൽ നിന്ന് ഏറെ ദൂരം പൊന്തക്കാടുകൾ കയറി കിടക്കുന്ന, ആൾപാർപ്പില്ലാത്ത ഒറ്റയടിപ്പാതയിലൂടെ വേണം ഈ താമസസ്ഥലത്ത് എത്തിച്ചേരാൻ.
ഇവിടേക്ക് ഒരു ഇരുചക്രവാഹനം പോലും എത്തിച്ചേരാൻ സാധിക്കില്ല. കുട്ടികൾക്ക് സ്കൂളിൽ പോകാനും കാടുമൂടിയ ഈ നടപ്പാത മാത്രമാണ് ആശ്രയമായുള്ളത്.
വേനൽക്കാലത്ത് കുടിവെള്ളത്തിനായി പോലും ഈ കുടുംബം മൈലുകളോളം ദൂരം താണ്ടേണ്ടി വരുന്നുണ്ട്. മറ്റു മാനദണ്ഡങ്ങളൊന്നും പരിശോധിക്കാതെ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് ഈ കുടുംബത്തിന് അടിയന്തരമായി വീട് നിർമ്മിച്ചു നൽകാൻ ബന്ധപ്പെട്ട
അധികാരികൾ തയ്യാറാകണമെന്ന് പഞ്ചായത്ത് മെംബർ റെൻസി ജോയ്സ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

