ഡൽഹി: രാജ്യത്ത് 2026 ലെ തെക്കുപടിഞ്ഞാറൻ കാലവർഷം മഴയുടെ അളവിൽ ഗണ്യമായ കുറവോടെ അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ രാജ്യത്തുടനീളം ശരാശരി ലഭിക്കേണ്ട
868.6 മില്ലിമീറ്റർ മഴയ്ക്ക് പകരം 759.4 മില്ലിമീറ്റർ മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇത് സാധാരണ ലഭിക്കേണ്ട
ശരാശരിയുടെ 87 ശതമാനം മാത്രമാണ്. അതായത് ആകെ മഴയിൽ 13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2001ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച വർഷവും, 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ ലഭിച്ച പതിമൂന്നാമത്തെ വർഷവുമാണിത്. കാലവർഷത്തിന്റെ വരവിലുണ്ടായ താമരസവും തുടക്കത്തിലെ കടുത്ത മന്ദഗതിയുമാണ് ഈ വർഷത്തെ മൺസൂണിന്റെ പ്രധാന പ്രത്യേകതകൾ.
ആൻഡമാൻ കടലിൽ മെയ് 16ന് എത്തിയെങ്കിലും പിന്നീട് ഇതിന്റെ പുരോഗതി മന്ദീഭവിക്കുകയാണുണ്ടായത്. തുടർന്ന് സാധാരണ വരേണ്ട
തീയതിയായ ജൂൺ 1ൽ നിന്നും വൈകി ജൂൺ 4നാണ് കേരളത്തിൽ കാലവർഷമെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മുന്നേറ്റവും വളരെ മന്ദഗതിയിലായിരുന്നു.
ജൂൺ മാസത്തിൽ ശരാശരിയുടെ 65 ശതമാനം മഴ മാത്രമേ രാജ്യത്ത് ലഭിച്ചുള്ളൂ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 36 സബ് ഡിവിഷനുകളിൽ 22 എണ്ണത്തിലും ജൂണിൽ കടുത്ത മഴക്കുറവ് അനുഭവപ്പെട്ടു.
എന്നാൽ ജൂലൈ മാസത്തിൽ അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങൾ കാരണം മഴ സാധാരണ നിലയിലേക്ക് തിരികെ എത്തുകയും ശരാശരിയുടെ 101 ശതമാനം മഴ ലഭിക്കുകയും ചെയ്തു. മധ്യേന്ത്യയിൽ ജൂലൈയിൽ മികച്ച മഴ ലഭിച്ചെങ്കിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇത് കുറഞ്ഞുനിന്നു.
ഓഗസ്റ്റ് മാസത്തിൽ മഴ വീണ്ടും ശക്തികുറഞ്ഞ് ശരാശരിയുടെ 84 ശതമാനത്തിലേക്ക് താഴുകയും ഇത് ദക്ഷിണേന്ത്യയെ കടുത്ത രീതിയിൽ ബാധിക്കുകയും ചെയ്തു. എങ്കിലും സെപ്റ്റംബർ അവസാനത്തോടെ ഉണ്ടായ ശക്തമായ മഴ സീസണിലെ മൊത്തത്തിലുള്ള കുറവ് ഒരു പരിധി വരെ നികത്താൻ സഹായിച്ചിട്ടുണ്ട്.
സെപ്റ്റംബറിൽ ലഭിച്ച മഴ ശരാശരിയുടെ 92 ശതമാനമായിരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ശരാശരിയോടടുത്ത മഴ ലഭിച്ചപ്പോൾ, കിഴക്കൻ-വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും മഴയുടെ അളവ് വളരെ കുറവായിരുന്നു.
കിഴക്കൻ-വടക്കുകിഴക്കൻ ഇന്ത്യയിൽ 1901ന് ശേഷം ലഭിച്ച ഏറ്റവും കുറഞ്ഞ മൺസൂൺ മഴയാണിത്. ദക്ഷിണേന്ത്യയിൽ ഇത് 1901ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ മഴയുമാണ്.
രാജ്യത്തെ 36 കാലാവസ്ഥാ സബ് ഡിവിഷനുകളിൽ ഒഡീഷ മാത്രമാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ച ഏക സബ് ഡിവിഷൻ. പാശ്ചാത്യ അസ്വസ്ഥതകളും എൽ നിനോ പ്രഭാവത്തിന്റെ സന്നിധ്യവുമാണ് മഴയുടെ ഈ കുറവിന് പ്രധാന കാരണങ്ങളായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

