പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും മുഖ്യമന്ത്രി വി.ഡി.സതീശൻ സന്ദർശിച്ചു.
കോഴഞ്ചേരിയിൽ മഴക്കെടുതി അവലോകന യോഗത്തിനു ശേഷം ഇന്നലെ ഉച്ചയോടെ ചിറയിറമ്പ് എംടിഎൽപിഎസ്, റാന്നി ഗവ. എൽപിഎസ്, തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ ക്യാംപുകളിലാണ് അദ്ദേഹം എത്തിയത്.
ഇതിനിടയിൽ വെള്ളക്കെട്ടിലായ ആറന്മുള പരമൂട്ടുംപടിയും അദ്ദേഹം നേരിട്ടെത്തി വിലയിരുത്തി. തോട്ടപ്പുഴശേരി ചിറയിറമ്പ് എംടിഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിയ മുഖ്യമന്ത്രി കുരുന്നുകളോട് സംസാരിച്ചത് ഏറെ ശ്രദ്ധേയമായി.
“എത്രാം ക്ലാസിലാ പഠിക്കുന്നത്?” എന്ന് മൂന്നരവയസ്സുകാരൻ ആദമിനോട് മുഖ്യമന്ത്രി ചോദിച്ചു. അങ്കണവാടിയിലാണെന്ന നിഷ്കളങ്ക മറുപടി നൽകിയ ആദമിനു മുത്തം നൽകിയാണ് അദ്ദേഹം ആശ്വസിപ്പിച്ചത്.
അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള നാലു കുട്ടികളാണ് ഈ ക്യാംപിലുള്ളത്. ചുറ്റും എന്താണു നടന്നതെന്നു രണ്ടു വയസ്സുകാരി എസ്.നയോമിക അറിഞ്ഞിരുന്നില്ല.
കേൾവി പരിമിതിയുള്ള നയോമികയ്ക്കു മുഖ്യമന്ത്രി സ്നേഹത്തോടെ മുത്തം സമ്മാനിച്ചു. തോട്ടപ്പുഴശേരി ചിറയിറമ്പ് മേച്ചിറയിൽ എസ്.ശ്യാംലാൽ-ആഷ്ലി ദമ്പതിമാരുടെ മകളാണു നയോമിക.
നയോമികയുടെ ചേച്ചി മൂന്നുവയസ്സുകാരി എസ്.നവമിയെ മുഖ്യമന്ത്രി വാരിയെടുത്തു. വീടിനു പട്ടയമില്ലാത്ത ദുരവസ്ഥ ആഷ്ലി മുഖ്യമന്ത്രിയോടു പങ്കുവച്ചു.
ചിറയിറമ്പ് എംടിഎൽപി സ്കൂളിനു പിന്നിലാണ് ഇവരുടെ കുടുംബവസ്തു. പമ്പയാറ്റിൽനിന്നു വെള്ളം കയറിയതോടെ നാലു ദിവസം മുൻപാണു കുടുംബം ക്യാംപിലേക്കു മാറിയത്.
തിരക്കിനിടയിൽ പ്രശ്നങ്ങൾ പൂർണമായി ധരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, മടങ്ങും മുൻപ് അദ്ദേഹം ‘നമുക്ക് ശരിയാക്കാം’ എന്നു പറഞ്ഞതിൽ പ്രതീക്ഷ അർപ്പിക്കുകയാണു കുടുംബം. ക്യാംപിൽനിന്നു കട്ടൻകാപ്പിയും കുടിച്ചു 10 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
ആറന്മുളയിലും തിരുവല്ലയിലും വെള്ളപ്പൊക്കം ആവർത്തിക്കുന്നതു ജനങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നദികളിലെ മണൽ അടിഞ്ഞതാണു പ്രശ്നമെന്നും അതിനു പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മന്ത്രി പി.സി.വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമ്മൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചിറയിറമ്പ് സ്കൂളിൽ 62 പേരും, റാന്നിയിലെ സ്കൂളിൽ 24 പേരും, തിരുമൂലപുരം സ്കൂളിൽ 86 പേരുമാണ് മൂന്നു ദിവസമായി കഴിയുന്നത്.
ക്യാംപുകളിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജം: മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിൽ അതിതീവ്രമഴ പെയ്യുന്നതു വലിയ ഭീഷണിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
200 മില്ലിമീറ്റർ പെയ്താൽ തന്നെ അതിതീവ്രമഴയാണ്. എന്നാൽ പത്തനംതിട്ടയിൽ 340 മില്ലിമീറ്റർ വരെയാണു പെയ്തത്.
വനത്തിന് ഉള്ളിലുണ്ടായ മണ്ണിടിച്ചിലാണു വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം. വലിയ അപകടങ്ങളും മരണങ്ങളും ഒഴിവായത് ഭാഗ്യംകൊണ്ടാണ്.
ക്യാംപുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി സജ്ജീകരിച്ചിട്ടുണ്ട്. അതിഥിത്തൊഴിലാളികളെ കോൺട്രാക്ടർമാർ ക്യാംപുകളിലേക്കു വിടുന്നുണ്ട്.
അവർക്കായി പ്രത്യേക ഭക്ഷണം തയാറാക്കുന്നുണ്ട്. കൂടാതെ സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ ക്യാംപുകളിൽ ആരോഗ്യപരിശോധനയും നടക്കുന്നുണ്ട്.
ക്യാംപുകളിൽനിന്നു മടങ്ങുന്നവർക്ക് വീടുകളും കിണറുകളും ശുചിയാക്കാനുള്ള സാധനങ്ങൾ നൽകും. ദുരിതബാധിതരെ ക്യാംപുകളിലെത്തിക്കാൻ 14 മത്സ്യബന്ധന ബോട്ടുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ഇപ്പോഴും വീടുകളിൽ തുടരുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. യോഗത്തിലും ചടങ്ങുകളിലും മന്ത്രി പി.സി.വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, സി.വി.ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, കലക്ടർ എ.നിസാമുദ്ദീൻ, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

