സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനികളായ രണ്ട് നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടു. തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഡിസ്പെൻസറികളിൽ നഴ്സുമാരായി സേവനം അനുഷ്ഠിച്ചിരുന്നവരാണ് ദാരുണമായി മരണപ്പെട്ടത്.
പാലാ കിടങ്ങൂർ മറ്റത്തിൽ ജെയ്സിമോൾ മാത്യു (46), വേദഗിരി കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27), തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്സിബ ദേവമണി (33), വാഹനം ഓടിച്ചിരുന്ന സൗദി പൗരനായ ഖാലിദ് എന്നിവരാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ കരണം മറിയുകയായിരുന്നു.
തകർന്നു തരിപ്പണമായ വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരും ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ജീവൻ വെടിഞ്ഞു. മരണവിവരം പുറത്തുവന്നതോടെ നാടും ബന്ധുക്കളും വലിയ ദുഃഖത്തിലാണ്.
കിടങ്ങൂർ മറ്റത്തിൽ വീട്ടിൽ ജെയ്സിമോൾ, മക്കളായ ജസ്റ്റീന (17), ജൂഡിത്ത് (13), ജോഷ്വ (8) എന്നിവരെ തനിച്ചാക്കിയാണ് യാത്രയായത്. മരണവാർത്ത കേട്ട് തരിച്ചിരിക്കുകയാണ് ഭർത്താവ് ഫ്രെഡി.
18 വർഷമായി സൗദിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ജെയ്സിമോൾ. ജെയ്സിമോളുടെ വിയോഗം അമ്മ ഏലിയാമ്മയ്ക്കും താങ്ങാനാകുന്നില്ല.
സംഭവദിവസം ഉച്ചയ്ക്ക് രണ്ടോടെ ജെയ്സിമോൾ അമ്മ ഏലിയാമ്മയെ ഫോണിൽ വിളിച്ചിരുന്നു. ഷോപ്പിങ്ങിന് പോകാൻ ഒരുങ്ങുകയാണെന്നും തിരികെ വന്നിട്ട് വിളിക്കാമെന്നും പറഞ്ഞാണ് അവൾ ഫോൺ വച്ചത്.
എന്നാൽ പിന്നീട് സുഹൃത്തിന്റെ വിളിയെത്തിയത് ജെയ്സിമോളുടെ മരണവാർത്ത അറിയിച്ചുകൊണ്ടായിരുന്നു. ഇളപ്പാനിയിൽ താമസിക്കുന്ന കൊണ്ടൂർ പരേതനായ മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ് ജെയ്സിമോൾ.
വർഷത്തിലൊരിക്കൽ നാട്ടിലെത്തി 50 ദിവസത്തോളം ചെലവഴിക്കാറുള്ള ജെയ്സിമോൾ, ഭർതൃപിതാവിന്റെ മരണത്തെത്തുടർന്ന് നാലുമാസം മുൻപ് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഡിസംബർ 26ന് വീണ്ടും നാട്ടിൽ വരാനിരിക്കെയാണ് ഈ ദുരന്തം.
പൂക്കിലിക്കാട്ട് മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ് ജെയ്സിമോൾ. ഭർത്താവ്: ഫ്രെഡി ജോസ്.
മക്കൾ: ജസ്റ്റീന, ജൂഡിത്ത്, ജോഷ്വ. അപകടത്തിൽ മരിച്ച അവിവാഹിതയായ ജോബിന സൗദിയിലെത്തിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ.
ജോണി – ജോബിന ദമ്പതികളുടെ മകളാണ്. സഹോദരൻ: ജോഷ്വ.
റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും നോർക്കയും പ്രാദേശിക കെഎംസിസി ഘടകവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

