വയനാട് മാനന്തവാടിയിൽ സഹോദരനൊപ്പം ട്യൂഷന് പോകാൻ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനി വാഹനം ഇടിച്ചു മരിച്ചു. മാനന്തവാടി – കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് ദാരുണമായി മരണപ്പെട്ടത്.
മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു കുട്ടി. വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പം ട്യൂഷനു പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി കുട്ടികളെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.
എതിർദിശയിൽ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷമാണ് വാഹനം മുന്നോട്ടുപോയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ദിവയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒപ്പം നടന്നുപോയ സഹോദരൻ ഡെറിക് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ എതിരെ വന്ന സ്കൂട്ടർ യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
ദിവയുടെ പിതാവ് രാജേഷ് മാനന്തവാടി മെഡിക്കൽ കോളജിലെ ഐടി കോഓർഡിനേറ്ററാണ് (നിലവിൽ അദ്ദേഹം ഓസ്ട്രിയയിലാണ്). മാതാവ് സ്വപ്ന മാനന്തവാടിയിൽ ബ്യൂട്ടി പാർലർ നടത്തിവരികയാണ്.
ദിഖ, ഡെറിക് എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ദിവയുടെ സംസ്കാരം പിന്നീട് ദീപ്തിഗിരി സെന്റ് തോമസ് പളളിയിൽ നടക്കും.
അപകടത്തിന് കാരണമായ കാർ ഓടിച്ച അയിലമൂല സ്വദേശി സജി എബ്രഹാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

