സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപക വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഭൂതത്താൻകെട്ട് ബറാജിന്റെ 14 ഷട്ടറുകളും വെള്ളിയാഴ്ച രാത്രി തുറന്നു. തകരാറിലായ ഒരു ഷട്ടർ അടഞ്ഞുകിടക്കുകയാണ്.
ജില്ലയിൽ ആകെ 6 ദുരിതാശ്വാസ ക്യാംപുകളിലായി 160 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാർ, തൊടുപുഴയാർ, കോതയാർ, കാളിയാർ, പൂയംകൂട്ടി പുഴ, കോതമംഗലം പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്.
കോതമംഗലം മണികണ്ഠൻചാൽ ചപ്പാത്ത്, കുടമുണ്ട പാലം, മണിക്കിണർ പാലം എന്നിവ മുങ്ങി.
പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു. ആലുവ മണപ്പുറത്തു വെള്ളംകയറി ശിവക്ഷേത്രത്തിലെ ശിവലിംഗം വെള്ളത്തിനടിയിലായി ഈ വർഷത്തെ ആദ്യത്തെ ആറാട്ട് നടന്നു.
അതേസമയം, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ പതിവുപോലെ നടന്നു. കോതമംഗലത്ത് ദുരിത മഴ
കുട്ടമ്പുഴ, കവളങ്ങാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ അൻപതിലേറെ വീടുകളിൽ വെള്ളംകയറി.
ബ്ലാവന ജങ്കാർ സർവീസ് നിലച്ചതിനെ തുടർന്ന് ഗോത്രവർഗ ഉന്നതികൾ ഒറ്റപ്പെട്ടു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ വെള്ളക്കെട്ട് ഗതാഗത തടസ്സമുണ്ടാക്കി.
നഗരത്തിൽ കുരൂർ തോട് കരകവിഞ്ഞ് കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. നീണ്ടപാറയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി.
അടിമാലി – ഇടുക്കി റോഡിലുണ്ടായ മണ്ണിടിച്ചിൽ ഹൈറേഞ്ചിലേക്കുള്ള ഗതാഗതത്തെ ബാധിച്ചു. മൂവാറ്റുപുഴയിൽ സ്ഥിതി രൂക്ഷം
മൂവാറ്റുപുഴ മേഖലയിൽ 5 ദുരിതാശ്വാസ ക്യാംപുകളിലായി 150 പേരാണുള്ളത്.
ഇലാഹിയ നഗർ, കാളച്ചന്ത, ആനിക്കാക്കുടി, കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് പുഴ കരകവിഞ്ഞ് വെള്ളം കയറിയത്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോർമലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും.
മൂവാറ്റുപുഴയാറിൽ സംഗമിക്കുന്ന കോതയാറിലെ ജലനിരപ്പ് അപകടനിലയും കവിഞ്ഞ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കദളിക്കാട്ട് മണ്ണിടിച്ചിലുണ്ടായി.
വെള്ളം കയറിയ മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ നിന്നു രോഗികളെ മാറ്റിപ്പാർപ്പിച്ചു. പാണിയേലിയിൽ വീശിയടിച്ച് കാറ്റ്
വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി മേഖലയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി അങ്കണവാടിക്കും ആരോഗ്യ കേന്ദ്രത്തിനും വീടുകൾക്കും മുകളിലേക്ക് വീണു.
പാണിയേലി അങ്കണവാടിയിൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് മരങ്ങൾ മതിലിലേക്കും ഷീറ്റിനു മുകളിലേക്കും മറിഞ്ഞു വീണതെങ്കിലും ആർക്കും പരുക്കില്ല. തിരുമാറാടി പഞ്ചായത്തിലെ കാക്കൂരിൽ ഒരു വീട്ടിൽ വെള്ളം കയറുകയും ദുരിതാശ്വാസ ക്യാംപ് സജ്ജമാക്കുകയും ചെയ്തു.
ഏലൂർ നഗരസഭയിൽ ബോസ്കോനഗർ, പവർലൂം, ചിറാക്കുഴി പ്രദേശങ്ങളിലും വെള്ളം കയറി. കണ്ണമാലിയിൽ കടൽ കയറ്റം
ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി മേഖലയിൽ കടൽകയറ്റം രൂക്ഷമായി.
നൂറിലേറെ വീടുകളിൽ വെള്ളം കയറി. കടൽഭിത്തി തകർന്നു കിടന്നിരുന്ന മേഖലകളിൽ സ്ഥിതി അതിരൂക്ഷമാണ്.
കടൽകയറ്റം പ്രതിരോധിക്കാനുള്ള ജിയോ ബാഗുകളെ മറികടന്നും വെള്ളമെത്തി. തീരദേശ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, ചിലയിടങ്ങളിൽ റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടായതൊഴിച്ചാൽ കൊച്ചി നഗരത്തിൽ മഴ കാര്യമായ പ്രശ്നമുണ്ടാക്കിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

