മേഖലയിലെ നിർണായക സമുദ്ര പാതയായ ബാബ് അൽ മൻദബ് കൂടി അടച്ചുപൂട്ടിയാൽ ആ ആഘാതം താങ്ങാൻ ലോകത്തിന് കഴിയില്ലെന്ന് ഖത്തർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടച്ചതിന്റെ കെടുതികൾ നിലവിൽ തന്നെ ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സമാധാന ശ്രമങ്ങൾക്കായി ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നയതന്ത്ര നീക്കങ്ങൾക്കും രാജ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്ന സമഗ്രമായ ഒരു കരാറിലെത്തേണ്ടതിന്റെ പ്രാധാന്യവും ഖത്തർ ഊന്നിപ്പറയുന്നുണ്ട്. ജലപാതകൾ തടസ്സപ്പെടുത്തുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും ആഗോള സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ മാധ്യമ വിഭാഗം ഡയറക്ടർ വ്യക്തമാക്കി.
സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന ഏത് നീക്കത്തിനെതിരെയും ലോകരാഷ്ട്രങ്ങൾ ഒരുമിച്ചു നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. “ഹോർമൂസ് കടലിടുക്ക് അടച്ചതിന്റെ ദുരിതം ലോകം ഇതിനകം തന്നെ അനുഭവിക്കുന്നുണ്ട്.
അതിനാൽ ബാബ് അൽ-മൻദബ് കടലിടുക്ക് കൂടി അടച്ചിടുന്നതിന്റെ ആഘാതം താങ്ങാൻ ലോകത്തിന് കഴിയില്ല” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രധാന ജലപാതകൾ വഴിയുള്ള ഗതാഗതം മുടങ്ങുന്നത് ലോകമെമ്പാടും കനത്ത സാമ്പത്തിക പ്രതിസന്ധിക്കും വിനാശകരമായ പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ബാബ് അൽ മൻദബ് മേഖലയിൽ ഹൂതികൾ മൈനുകൾ സ്ഥാപിക്കുന്നതായും കരയിൽ ട്രഞ്ചുകൾ നിർമ്മിച്ച് നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതായും ഉള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത് ജലപാത പൂർണ്ണമായി അടച്ചുപൂട്ടുമോ എന്ന വലിയ ആശങ്കയാണ് ആഗോളതലത്തിൽ ഉയർത്തുന്നത്.
ഇതിനിടയിലാണ് ആക്രമണങ്ങളിൽ നിന്ന് പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ഭൂഗർഭ ആണവ നിലയങ്ങളിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

