സംസ്ഥാന പൊലീസ് മേധാവിക്കുള്ള കത്തിൽ ഇ.ഡി നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസും നടത്തിയ പ്രതികരണങ്ങൾ പരസ്പരവിരുദ്ധം. ടി.വീണയുടെ റെഡ് ബുക്കിനെക്കുറിച്ച് ഇ.ഡി പറഞ്ഞ കാര്യങ്ങളെ ശുദ്ധ അസംബന്ധം എന്നാണു കഴിഞ്ഞ ദിവസം പിണറായി വിജയൻ വിശേഷിപ്പിച്ചത്.
എന്നാൽ, ഭാവി ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വീണ കുറിച്ചുവച്ചിരുന്നതെന്നാണ് ഇന്നലെ റിയാസ് വിശദീകരിച്ചത്.
കുറിപ്പോ ബുക്കോ ഇല്ലെന്നു പിണറായി നിലപാടെടുക്കുമ്പോഴാണു ബുക്കിലെ ഉള്ളടക്കവും വീണയുടെ കുറിപ്പും നിഷേധിക്കാതെയുള്ള പ്രതികരണം റിയാസിൽ നിന്നുണ്ടായത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ പിണറായി വിജയൻ പറഞ്ഞത്: “വീണയുടെ റെഡ് ബുക്ക് ഇ.ഡി കണ്ടെത്തിയെന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്.
എന്തു ഡയറി? റെഡ് ബുക്ക്, ബ്ലാക്ക് ബോക്സ് ഇങ്ങനെ എന്തെല്ലാം പറയുന്നു. ഒരു അന്വേഷണ ഏജൻസി, അന്വേഷണ ഏജൻസിയുടേതായ അന്തസ്സ് കാണിക്കണ്ടേ ?” റിയാസ് ഇന്നലെ കോഴിക്കോട്ടു പറഞ്ഞത്: “ഒരു ഫ്യൂച്ചർ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയിട്ടുള്ള കാര്യമാണ്.
ആ എഴുതിയിട്ടുള്ള ആളുകൾ പലരോടും അതു ചർച്ചപോലും ചെയ്തിട്ടില്ലെന്ന കൃത്യമായ മൊഴി നൽകി. ആ മൊഴിയിലെ കൃത്യമായ ഓരോ കാര്യവും ഞാനിപ്പോൾ പറയുന്നില്ല.
അതു കള്ളപ്പണമാണെന്നു വീണ സമ്മതിച്ചുവെന്നുപറയുന്നതു ബോധപൂർവമാണ്. ഹവാല ഇടപാട് സമ്മതിച്ചുവെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

