മംഗളൂരുവിൽ ബീച്ചിൽവെച്ച് ദമ്പതികളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി. ഹൊസബെട്ടു സ്വദേശിയായ സോമനാഥ് ആണ് ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഹൊസബെട്ടു ബീച്ചിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ സോമനാഥും സുഹൃത്തുക്കളും ചേർന്ന് ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവതി സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ സോമനാഥിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും സോമനാഥിന്റെ മൃതദേഹവുമായി സൂറത്ത്കൽ പൊലീസ് സ്റ്റേഷന് മുന്നിൽ എത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് രണ്ട് മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു.
എന്നാൽ, സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായും തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് സോമനാഥ് അതിൽ എഴുതിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട് എംഎൽഎ ഭരത് ഷെട്ടി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

