രാജ്യത്ത് അക്രമാസക്തമായ രീതിയിൽ ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്ക് സർക്കാർ ജോലി നിഷേധിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. അടുത്തിടെ നടന്ന ചില പ്രതിഷേധങ്ങളിലെ ഭരണമാറ്റ ആഹ്വാനങ്ങളുമായി ബന്ധപ്പെട്ട
വിവാദങ്ങൾ നിലനിൽക്കെയാണ് യോഗി ആദിത്യനാഥ് സർക്കാർ നേരിട്ടുള്ള നിയമനങ്ങൾക്ക് മുന്നോടിയായുള്ള സ്വഭാവ സർട്ടിഫിക്കറ്റ് പരിശോധന ചട്ടങ്ങൾ കർശനമാക്കിയത്. ഇതിനെതിരെ പ്രധാന പ്രതിപക്ഷ കക്ഷികളായ സമാജ്വാദി പാർട്ടിയും കോൺഗ്രസും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അക്രമാസക്തമായ മാർഗങ്ങളിലൂടെ നിലവിലുള്ള ഭരണസംവിധാനത്തെ മാറ്റാൻ ശ്രമിക്കുന്ന സംഘടനകളിൽ അംഗങ്ങളായവർക്ക് സർക്കാർ ജോലിക്ക് അർഹതയുണ്ടാവില്ലെന്ന് അപ്പോയിന്റ്മെന്റ് ആൻഡ് പഴ്സനൽ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി എം. ദേവരാജ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അലഹബാദ് ഹൈക്കോടതിയുടെ നിർദേശങ്ങൾ പാലിച്ചാണ് പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷനുകൾ, കൗൺസിലുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ നേരിട്ടുള്ള നിയമനങ്ങൾക്ക് ഈ വ്യവസ്ഥകൾ ബാധകമായിരിക്കും.
ഉത്തരവിലെ പ്രധാന നിർദേശങ്ങൾ:
∙ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ മാത്രം ഒരു ഉദ്യോഗാർഥിയെയും അയോഗ്യനാക്കാൻ കഴിയില്ല.
∙ ഒരു ഉദ്യോഗാർഥിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതുകൊണ്ടോ, കേസിൽ അന്വേഷണം നിലനിൽക്കുന്നതുകൊണ്ടോ മാത്രം സ്വയമേവ ജോലി നിഷേധിക്കപ്പെടില്ല. കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടവർ, ഒത്തുതീർപ്പിലെത്തിയ കേസുകൾ, ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകൾ എന്നിവയുള്ളവർക്കും സ്വയമേവയുള്ള അയോഗ്യത ഉണ്ടാകില്ല.
∙ 21 വയസ്സ് തികഞ്ഞതിനു ശേഷം, വെരിഫിക്കേഷൻ തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് വർഷത്തിനിടെ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, അയാൾ ഇപ്പോഴും സജീവ പങ്കാളിയാണെന്നതിനു തെളിവായി സ്വീകരിക്കും.
എന്നാൽ, ഈ കാലയളവിൽ വ്യക്തിയുടെ പെരുമാറ്റത്തിൽ നല്ല രീതിയിലുള്ള മാറ്റമുണ്ടായതായി വ്യക്തമായ തെളിവുകളുണ്ടെങ്കിൽ തീരുമാനം പുനപരിശോധിക്കാം.
∙ സ്വഭാവ വെരിഫിക്കേഷൻ റിപ്പോർട്ട് വൈകുന്നത് നിയമനം തടസപ്പെടുത്താൻ കാരണമാകരുത്. ഉദ്യോഗാർഥി നൽകുന്ന സ്വയം സാക്ഷ്യപത്രത്തിന്റെയും നിർദിഷ്ട
രേഖകളുടെയും അടിസ്ഥാനത്തിൽ താൽക്കാലിക നിയമനക്കത്ത് നൽകാം. എന്നാൽ വെരിഫിക്കേഷനിൽ അയോഗ്യത കണ്ടെത്തുകയോ തെറ്റായ വിവരങ്ങൾ നൽകിയതായി തെളിയുകയോ ചെയ്താൽ നിയമനം ഉടനടി റദ്ദാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
∙ ജില്ലാ പൊലീസും ലോക്കൽ ഇന്റലിജൻസ് യൂണിറ്റും വെരിഫിക്കേഷൻ അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
വെരിഫിക്കേഷനായി ഉദ്യോഗാർഥിയുടെ വീട്ടിൽ പോകുകയോ ഉദ്യോഗാർഥി നേരിട്ട് ഹാജരാകുകയോ ചെയ്യേണ്ടതില്ല. റിപ്പോർട്ട് പ്രതികൂലമാണെങ്കിൽ ജില്ലാ മജിസ്ട്രേറ്റ് ഉദ്യോഗാർഥിക്ക് ഓൺലൈനായോ നേരിട്ടോ സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകണം.
∙ നിലവിൽ സർക്കാർ സർവീസിലുള്ള ജീവനക്കാർക്ക് വീണ്ടും വെരിഫിക്കേഷൻ നടത്തേണ്ടതില്ല.
സർക്കാരിന്റെ പുതിയ ഉത്തരവിനെ ബ്രിട്ടീഷ് ഭരണകാലത്തോടാണ് സമാജ്വാദി പാർട്ടി ഉപമിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായ ഉറപ്പാണെന്നും ജനാധിപത്യപരമായ ഭരണമാറ്റം തിരഞ്ഞെടുപ്പിലൂടെയാണ് സംഭവിക്കുന്നതെന്നും എസ്പി വക്താവ് ഉദയവീർ വ്യക്തമാക്കി.
ഭയപ്പെടുത്തുന്ന മനസിന്റ പ്രതിഫലനമാണ് സർക്കാരിന്റെ ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. യോഗി ആദിത്യനാഥ് സർക്കാർ ജഡ്ജിയെപ്പോലെയാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി കുറ്റപ്പെടുത്തി.
ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇവിടെ കോടതികളില്ലേ എന്ന് ചോദിച്ച അദ്ദേഹം, ജെൻസീ പ്രതിഷേധങ്ങളെ സർക്കാർ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

