പ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവിലൂടെ ലഭിച്ചത് 6.01 കോടി രൂപ. പണത്തിന് പുറമെ 1 കിലോ 749 ഗ്രാം 200 മില്ലി ഗ്രാം സ്വർണവും 18.98 കിലോ വെള്ളിയും ഭണ്ഡാരങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഭണ്ഡാരം എണ്ണുന്നതിനുള്ള ഔദ്യോഗിക ചുമതല നിർവഹിച്ചത് കേരള ഗ്രാമീണ ബാങ്ക് ആയിരുന്നു. ഇതിനുപുറമേ, ക്ഷേത്രത്തിലെ ഇ-ഭണ്ഡാരങ്ങൾ വഴിയായി 5.45 ലക്ഷം രൂപയും അധികമായി ലഭിച്ചിട്ടുണ്ട്.
മറുഭാഗത്ത്, സാംസ്കാരിക നഗരിയായ ഗുരുവായൂർ ഇന്ന് മുതൽ നാടകരാവുകളുടെ തിളക്കത്തിലേക്ക്. സർഗം കലാകായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള 14-ാം നാടകോത്സവത്തിന് ഇന്ന് രാത്രി 7 മണിക്ക് നഗരസഭാ ടൗൺഹാളിൽ ഔദ്യോഗികമായി തിരിതെളിയും.
വരുന്ന 22 വരെ നീളുന്ന മേളയിൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് കേരളത്തിലെ പ്രമുഖ സമിതികളുടെ മികച്ച നാടകങ്ങൾ അരങ്ങേറും. ഉദ്ഘാടന ദിവസമായ ഇന്ന് തിരുവനന്തപുരം ഡ്രീം കേരളയുടെ ‘ഊരുവലം’ നാടകം അരങ്ങിലെത്തും.
തുടർന്ന് നാളെ തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘ഒരു സുന്ദരദിവസം’, 17ന് ചങ്ങനാശേരി അണിയറയുടെ ‘തിര’, 18ന് തിരുവനന്തപുരം സൗപർണികയുടെ ‘പടയോട്ടം’, 19ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’, 20ന് പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ ‘കൂട്’, 21ന് തിരുവനന്തപുരം അമ്മ തിയറ്റർ പീപ്പിളിന്റെ ‘ആൾമരം’, സമാപന ദിവസമായ 22ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’ എന്നീ നാടകങ്ങൾ വേദിയിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

