തിരുവനന്തപുരം കൂടത്തിൽ തറവാട്ടിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ വ്യക്തമായ തെളിവുകൾ കൈവശമുണ്ടായിട്ടും നടപടികൾ നീണ്ടുപോയത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു.
കേസിന്റെ വിവിധ ഘട്ടങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും അവിശുദ്ധ ഇടപെടലുകൾ ഉണ്ടായതായി ഇന്റലിജൻസ് വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ ശക്തമായ സമ്മർദ്ദമുണ്ടായതും കേസിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടസ്സപ്പെടുത്തി.
എന്നാൽ, പഴക്കം ചെന്ന കേസുകൾ പുനരന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗത്തിന്റെ നിർണായക നിർദേശമാണ് കേസിൽ വഴിത്തിരിവായി മാറിയത്. കാരയ്ക്കാമണ്ഡപത്തിന് സമീപമുള്ള കൂടത്തിൽ വകയായ ഏഴ് സെന്റ് ഭൂമി ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് സ്വന്തമാക്കിയതെന്നും അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കരമന പൊലീസിന്റെ പ്രാരംഭ ഘട്ടത്തിലെ അന്വേഷണം മുതൽ വലിയ തോതിലുള്ള അട്ടിമറികൾ നടന്നിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. പ്രതിയിലേക്ക് എത്തുന്നതിനുള്ള വ്യക്തമായ തെളിവുകളും സംശയങ്ങളും നിലനിന്നിട്ടും ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറായില്ല. പ്രതിയെ പിടികൂടാൻ ഡിജിപിയും സിറ്റി പൊലീസ് കമ്മിഷണറും നേരിട്ട് ഇടപെട്ട് പലതവണ കർശന നിർദേശം നൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല.
ഉന്നതരുടെ ഭാഗത്തുനിന്നുള്ള ഈ ഇടപെടലുകളാണ് കേസിന്റെ യഥാർത്ഥ വസ്തുടങ്ങൾ മറച്ചുവെച്ചത്. ഒടുവിൽ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിലാണ് സിറ്റി ക്രൈംബ്രാഞ്ച് പ്രതിയെ വലയിലാക്കിയത്.
ജയമാധവൻ നായരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വർഷങ്ങളോളം സ്തംഭനാവസ്ഥയിലായ വേളയിലാണ് സിറ്റി ക്രൈംബ്രാഞ്ച് എസിപി എം.ഐ.
ഷാജിയും സംഘവും കേസിന്റെ ചുരുളഴിച്ചത്. മുൻകാലങ്ങളിൽ ശേഖരിച്ച തെളിവുകൾക്കൊപ്പം ആധുനിക ശാസ്ത്രീയ പരിശോധനകളുടെ സാധ്യതകളും അന്വേഷണ സംഘം പൂർണ്ണമായി ഉപയോഗപ്പെടുത്തി.
ഇത് പ്രതിയായ രവീന്ദ്രൻ നായർക്ക് എതിരെയുള്ള കുരുക്ക് മുറുക്കുന്നതിൽ നിർണായകമായി. വലിയ തോതിലുള്ള സമ്മർദ്ദങ്ങളെ മുഖവിലയ്ക്കെടുക്കാതെ, ലഭിച്ച തെളിവുകൾ പരസ്പരം കോർത്തിണക്കിയാണ് അന്വേഷണ സംഘം മുന്നേറിയത്.
വസ്തു ഇടപാടുകൾക്കും ദുരൂഹ മരണങ്ങൾക്കുമെതിരെ പരാതിയുമായി മുന്നോട്ടുവന്ന വ്യക്തികളുടെ ജീവിതം പോലും ദുസ്സഹമാക്കുന്ന തരത്തിലുള്ള സമ്മർദ്ദതന്ത്രങ്ങൾ പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കേസിന്റെ പ്രാരംഭ ഘട്ടം മുതൽ കൃത്യമായ രീതിയിൽ അന്വേഷണം നടന്നിരുന്നെങ്കിൽ വർഷങ്ങൾക്ക് മുൻപ് തന്നെ തെളിയിക്കപ്പെടേണ്ടിയിരുന്ന ഒന്നാണിതെന്ന വിമർശനം ഇതിനോടകം ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

