ഇന്ത്യൻ ധനകാര്യ മേഖലയിൽ നിർണായക വഴിത്തിരിവായി ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിന് കൈമാറാൻ കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. കേന്ദ്രസർക്കാരിന്റെയും ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെയും കീഴിലുള്ള ഐഡിബിഐ ബാങ്കിന്റെ മൊത്തം 60.72% ഓഹരികളാണ് ഫെയർഫാക്സിന് വിൽക്കുന്നത്.
ഏകദേശം 53,000 കോടി രൂപയുടെ ഈ ഇടപാട് രാജ്യത്തെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നായി മാറും. നിലവിൽ കേന്ദ്രസർക്കാരിന്റെ കൈവശമുള്ള 30.48% ഓഹരികളും എൽഐസിയുടെ 30.24% ഓഹരികളുമാണ് വിറ്റഴിക്കുന്നത്.
ഈ ഓഹരിവിൽപന വഴി സർക്കാരിന് 26,620 കോടി രൂപയും എൽഐസിക്ക് 26,440 കോടി രൂപയും ലഭിക്കും. നിലവിൽ സർക്കാരിന് 45.48% ഓഹരിയും പ്രമോട്ടറായ എൽഐസിക്ക് 49.24% ഓഹരിയുമാണുള്ളത്.
ഇടപാട് പൂർത്തിയാകുന്നതോടെ ഇത് യഥാക്രമം 15 ശതമാനമായും 19 ശതമാനമായും കുറയും. ഇതോടെ ഫെയർഫാക്സ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി മാറും.
ഓഹരിയൊന്നിന് 81 രൂപയാണ് ഫെയർഫാക്സ് വാഗ്ദാനം ചെയ്തിട്ടുള്ളത്. റിസർവ് ബാങ്കിന്റെയും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെയും ഔദ്യോഗിക അനുമതി ലഭിച്ചാൽ മാത്രമേ ഈ ഇടപാട് അന്തിമമായി പൂർത്തിയാകൂ.
സിഎസ്ബി ബാങ്ക് ലയനം സംബന്ധിച്ച ചർച്ചകൾ
നിലവിലെ ബാങ്കിംഗ് ചട്ടപ്രകാരം ഒരു ബാങ്കിലെ പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം 26% വരെ മാത്രമേ പാടുള്ളൂ. എന്നാൽ, ഈ ഓഹരിവിഹിതം നിശ്ചിത പരിധിയിലേക്ക് കുറയ്ക്കാൻ ഫെയർഫാക്സിന് 15 വർഷം സമയം അനുവദിച്ചിട്ടുണ്ട്.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബി ബാങ്കിൽ (മുൻപ് കാത്തലിക് സിറിയൻ ബാങ്ക്) ഫെയർഫാക്സിന് ഇതിനോടകം തന്നെ 40% ഓഹരി പങ്കാളിത്തമുണ്ട്. ഈ സാഹചര്യത്തിൽ ഫെയർഫാക്സ് ഒന്നുകിൽ സിഎസ്ബി ബാങ്കിനെ ഐഡിബിഐയുമായി ലയിപ്പിക്കുകയോ, അല്ലെങ്കിൽ സിഎസ്ബിയിലെ ഓഹരി പങ്കാളിത്തം ഒഴിവാക്കുകയോ ചെയ്യേണ്ടി വരും.
ഈ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിപണിയിൽ സിഎസ്ബി ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജീവനക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ
ഫെയർഫാക്സ് ഏറ്റെടുക്കലിന് ശേഷം വരുന്ന അടുത്ത മൂന്ന് വർഷത്തേക്ക് ഐഡിബിഐ ബാങ്കിന്റെ പേര്, ബ്രാൻഡ്, ഉപഭോക്തൃബന്ധങ്ങൾ എന്നിവ യാതൊരു മാറ്റവുമില്ലാതെ നിലനിർത്തണം.
ജീവനക്കാർ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
നടപ്പുസാമ്പത്തികവർഷം തന്നെ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

