രാഷ്ട്രീയ വിവാദങ്ങളെയും മന്ത്രിതല ഭിന്നതകളെയും അതിജീവിച്ച് ഇന്ത്യയുമായുള്ള നിർണായക വ്യാപാരക്കരാർ ന്യൂസിലൻഡ് പാർലമെന്റ് അംഗീകരിച്ചു. പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ കൂടി പിന്തുണയോടെയാണ് ബിൽ പാസായത്.
29 എതിർവോട്ടുകൾ മാത്രം ലഭിച്ചപ്പോൾ 93 വോട്ടുകളോടെയാണ് ബിൽ പാർലമെന്റിന്റെ അംഗീകാരം നേടിയത്. കഴിഞ്ഞ ജൂണിലെ ഔദ്യോഗിക കണക്കുപ്രകാരം 22,000 കോടി രൂപയുടെ ഉഭയകക്ഷി വ്യാപാരമുള്ള രാജ്യങ്ങളാണ് ഇന്ത്യയും ന്യൂസിലൻഡും.
കരാറിന്റെ അന്തിമരൂപം പൂർത്തിയാക്കി വരുന്ന ഒക്ടോബർ 19ഓടെ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് അഗ്രവാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കും പരസ്പര പ്രയോജനകരമാകുന്ന രീതിയിലാണ് കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്നാൽ പ്രാരംഘട്ടത്തിൽ കരാറിനെച്ചൊല്ലി ന്യൂസിലൻഡ് മന്ത്രിമാർക്കിടയിൽ ഭിന്നതകൾ രൂപപ്പെട്ടിരുന്നു. ‘‘കരാർ നടപ്പായാൽ ഇന്ത്യയിൽ നിന്ന് നിയന്ത്രണമില്ലാത്ത കുടിയേറ്റമുണ്ടാകും.
ന്യൂസിലൻഡിൽ വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തും. ഈ ‘ബട്ടർ ചിക്കൻ സൂനാമിയെ’ ഞാൻ ഒരിക്കലും അംഗീകരിക്കില്ല’’ – മന്ത്രി ഷെയ്ൻ ജോൺസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
കൂടാതെ, ബില്ലിലെ കുടിയേറ്റ വ്യവസ്ഥകളെ മുൻനിർത്തി ന്യൂസിലൻഡ് ഇമിഗ്രേഷൻ മന്ത്രി എറീക്ക സ്റ്റാൻഫോഡ്, വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് എന്നിവർ തമ്മിലും ശക്തമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഇന്ത്യൻ കുടിയേറ്റത്തിന് പരിധിവയ്ക്കുന്ന വ്യവസ്ഥകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയരുതെന്നും അല്ലാത്തപക്ഷം ഉഭയകക്ഷി ബന്ധത്തെ അത് ബാധിക്കുമെന്നും വിൻസ്റ്റൺ പീറ്റേഴ്സ് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയുടെ പ്രധാന നേട്ടങ്ങൾ * കരാർ നടപ്പിലാകുന്നതോടെ ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കയറ്റി അയക്കുന്ന എല്ലാ ഉൽപന്നങ്ങളും തീരുവ രഹിതമായി മാറും. രാജ്യത്ത് വലിയ തൊഴിൽ സാധ്യത നൽകുന്ന വസ്ത്രം, ലെതർ, പ്ലാസ്റ്റിക്, എൻജിനീയറിങ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് ഇത് വലിയ സാമ്പത്തിക ഉത്തേജനം നൽകും.
തീരുവ ഒഴിവാകുന്നതിലൂടെ ഈ മേഖലകളിലുള്ള കമ്പനികൾക്ക് കൂടുതൽ കയറ്റുമതി ഓർഡറുകൾ ലഭിക്കും. * ന്യൂസിലൻഡിന്റെ ഐടി, വിദ്യാഭ്യാസം, ധനകാര്യ സേവനം, ടൂറിസം, നിർമാണം എന്നീ മേഖലകളിലേക്ക് ഇന്ത്യൻ സാന്നിധ്യം വ്യാപിപ്പിക്കാൻ അവസരമൊരുങ്ങും.
* ന്യൂസിലൻഡിൽ മൂന്ന് വർഷത്തെ കാലാവധിയോടെ 5,000 വരെ ഇന്ത്യൻ പ്രൊഫഷനലുകൾക്ക് താൽക്കാലിക തൊഴിൽ വീസ ലഭ്യമാകും. ഹെൽത്ത്കെയർ, വിദ്യാഭ്യാസം, ആയുഷ്, യോഗ എന്നീ മേഖലകളിലെ വിദഗ്ധർക്കും ഷെഫുമാർക്കും ഈ തീരുമാനം വലിയ നേട്ടമാകും.
* ഇന്ത്യയിൽ അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൻ ഡോളറിന്റെ (1.92 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ന്യൂസിലൻഡ് അറിയിച്ചിട്ടുണ്ട്. ന്യൂസിലൻഡിന്റെ നേട്ടങ്ങൾ ഇന്ത്യയിലെത്തുന്ന 95 ശതമാനത്തോളം ന്യൂസിലൻഡ് ഉൽപന്നങ്ങളും തീരുവ രഹിതമാകും.
ഇത് തങ്ങളുടെ കയറ്റുമതിക്കാർക്ക് വലിയ നേട്ടമാകുമെന്ന് വ്യാപാരമന്ത്രി ടോഡ് മക്ക്ലേ വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങളും വരുമാനവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാലുൽപന്നങ്ങൾ, പഞ്ചസാര, മറ്റ് പ്രധാന കാർഷികോൽപന്നങ്ങൾ എന്നിവയെ ഈ വ്യാപാരക്കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

